കെഎസ്ആർടിസി പെൻഷൻ; 140 കോടി വായ്‌പ അനുവദിച്ച് സർക്കാർ

കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് വായ്പ അനുവദിച്ച് സർക്കാർ. 140 കോടി രൂപയാണ് വായ്‌പയായി അനുവദിച്ചത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ വിതരണത്തിനാണ് വായ്പ അനുവദിച്ചത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഈ മാസം പതിനെട്ടിനകം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനായി 140 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും ഓണ്‍ലൈനായി ഹാജരായി.

കെഎസ്ആര്‍ടിസിയില്‍നിന്ന് വിമരിച്ചവര്‍ക്ക് എല്ലാം മാസവും അഞ്ചാം തീയതിക്കകം പെന്‍ഷനും ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കണമെന്ന് ഹൈക്കോടതി നേരത്തേ കർശന നിർദേശം നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് കൃത്യമായി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വക്കം സ്വദേശി കെ. അശോക് കുമാറാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.