മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ ബൈക്കോടിച്ച് പിടിയിലായതു വഴി ഇക്കഴിഞ്ഞ ദിവസം മാത്രം 13 രക്ഷിതാക്കൾക്ക് ശിക്ഷ വിധിച്ച് മഞ്ചേരി സി ജെ എം കോടതി. ഓരോരുത്തര്‍ക്കും 30250 രൂപ പിഴയും കോടതി പിരിയും വരെ തടവുമായിരുന്നു ശിക്ഷ. ഇന്ത്യന്‍ ശിക്ഷാ നിയമം 336 പ്രകാരം 250 രൂപ പിഴ, മോട്ടോര്‍ ആക്ടിലെ 180 പ്രകാരം 5000 രൂപ പിഴ, 199 എ പ്രകാരം 25000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടാഴ്ചത്തെ തടവ് ശിക്ഷയനുഭവിക്കണമെന്നതിനാല്‍ എല്ലാവരും കോടതിയില്‍ പണം കെട്ടി ഇന്നലെ വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങി.ഇക്കഴിഞ്ഞ മാര്‍ച്ച് 21 ന് പുത്തനത്താണി തിരുനാവായ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിച്ച 17കാരനെ കല്പകഞ്ചേരി എസ് ഐ കെ എം സൈമണ്‍ പിടികൂടിയതോടെ കുടുങ്ങിയത് സഹോദരനായ വെങ്ങാലൂര്‍ കുറ്റൂര്‍ കടവത്ത് മുഹമ്മദ് ഷിബില്‍ എന്ന 19കാരനാണ്. മോട്ടോര്‍ സൈക്കിളോടിച്ച് മടുത്ത മാറഞ്ചേരി പുറങ്ങ് ബാവ ഗാര്‍ഡന്‍സില്‍ മുഹമ്മദ് ജാബിര്‍ കുറച്ചു നേരം ബന്ധുവായ കുട്ടിക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കി പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. തിരൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വെച്ച് എസ് ഐ ബി പ്രദീപ് കുമാര്‍ പിടികൂടി. ഇതും മാര്‍ച്ച് 21ന് തന്നെ. ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാത്ത ഇരുചക്രവാഹനത്തില്‍ വിലസിയ 17കാരനെ മാര്‍ച്ച് 15ന് പിടികൂടിയപ്പോള്‍ കുടുങ്ങിയത് ആര്‍ സി ഉടമയായ യുവതിയാണ്. കാലടി മൂര്‍ച്ചിറ തറയില്‍ ഉമ്മുഹബീബ(33)യെ കാടാമ്പുഴ എസ് ഐ എന്‍ ആര്‍ സുജിത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ എസ് ഐ മാര്‍ച്ച് 17ന് സ്‌കൂട്ടറുമായി പോകുകയായിരുന്ന 16 കാരനെ പിടികൂടിയപ്പോള്‍ ശിക്ഷയനുഭവിക്കേണ്ടി വന്നത് 63 കാരനായ പിതാവ് കുറുവ ചേണ്ടി പാങ്ങ് എടവക്കത്ത് മുഹമ്മദ് കുട്ടിയായിരുന്നു. തന്റെ ജീവനക്കാരനായ 17കാരനോട് ബൈക്കില്‍ പോയി സാധനം വാങ്ങാനാവശ്യപ്പെട്ട കടയുടമക്കും ശിക്ഷ കിട്ടി. ഇരിമ്പിളിയം വെണ്ടല്ലൂര്‍ നടുത്തൊടി അബുബക്കര്‍ (42)നെയാണ് വളാഞ്ചേരി എസ് ഐ കെഎന്‍ ഉണ്ണികൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. 2023 മാര്‍ച്ച് 18 നായിരുന്നു സംഭവം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക്ക് നല്‍കിയ തിരുനാവായ നാലകത്ത് പറമ്പില്‍ ഫക്രുദ്ദീന്‍ (47)നെ മാര്‍ച്ച് 16ന് തിരുനാവായ എസ് ഐ കെ എസ് മണികണ്ഠന്‍ അറസ്റ്റ് ചെയ്തു. 17 കാരനായ മകന് തന്‍റെ സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ വീട്ടമ്മയും കോടതി കയറേണ്ടി വന്നു. നടുവട്ടം ഇരിങ്ങാവൂര്‍ പാലത്തിങ്ങല്‍ ജുവൈരിയ (36) യെ മാര്‍ച്ച് 17ന് കല്പകഞ്ചേരി എസ് ഐ കെ നൗഫലാണ് അറസ്റ്റ് ചെയ്തത്. മായിനങ്ങാടി ഭാഗത്തു നിന്നും വരികയായിരുന്ന കുട്ടി മീശപ്പടിയില്‍ വെച്ചാണ് പൊലീസ് പിടിയിലായത്. ഡിയോ ഹോണ്ട മോട്ടോര്‍ സൈക്കിളില്‍ പടിഞ്ഞാറെക്കര പറവണ്ണ പബ്ലിക് റോഡില്‍ അടിപൊളി സവാരി നടത്തുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി എസ് ഐ കെ ശശിയുടെ പിടിയിലായതോടെ പോക്കറ്റ് കാലിയായത് ആര്‍ സി ഉടമയായ തിരൂര്‍ കൂട്ടായി പാരീസ് പണ്ടാറപ്പറമ്പില്‍ അലി (65)യുടേതായിരുന്നു.മാര്‍ച്ച് 15 നും 23 നുമായി വളാഞ്ചേരി പൊലീസ് ബൈക്ക് യാത്രികരായ രണ്ട് 17 വയസ്സുകാരെ പിടികൂടി. ഈ കേസുകളില്‍ തടവും പിഴയും അനുഭവിക്കേണ്ടി വന്നത് വളാഞ്ചേരി കൊട്ടാരം പറവക്കല്‍ ഷൗക്കത്ത് (38), പൂക്കാട്ടിരി ചെറുപറമ്പില്‍ മുഫീദ (25) എന്നിവരായിരുന്നു. തിരൂര്‍ തെക്കന്‍കുറ്റൂര്‍ പള്ളിപ്പടി മുഹമ്മദ് ഹനീഫ (38) യെ മാര്‍ച്ച് 17 നാണ് തിരൂര്‍ എസ് ഐ കെ എസ് സന്തോഷ് അറസ്റ്റ് ചെയ്തത്. മകന്‍ ബൈക്കുമായി ഇറങ്ങിയത് മാതാവിന് വിനയായി. കോട്ടയം പിഴക് മനത്തൂര്‍ പുതുപ്പള്ളിയില്‍ പി എസ് സിമി (45)ന് കോടതിയില്‍ 30250 രൂപ പിഴയൊടുക്കേണ്ടി വന്നു. മാത്രമല്ല മണിക്കൂറുകളോളം തടവ് ശിക്ഷയും ലഭിച്ചു. മാര്‍ച്ച് 16 ന് മാരാക്കുന്ന് പി എച്ച് സിക്ക് സമീപത്തു വെച്ചാണ് ഇവരുടെ മകന്‍ എസ് ഐ അബ്ദുല്‍ അസീസിന് മുന്നില്‍പ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും വാഹനം നല്‍കി നിരവധി പേര്‍ മാനഹാനി നേരിട്ടപ്പോള്‍ മകന്റെ സുഹൃത്തായ 17കാരന് ബൈക്ക് നല്‍കിയാണ് വളാഞ്ചേരി വൈക്കത്തൂര്‍ പറവക്കല്‍ റസീന (43) എന്ന വീട്ടമ്മ ശിക്ഷ ഏറ്റുവാങ്ങിയത്.