കൊല്ലം• ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കൊല്ലം പൂരവും കുടമാറ്റവും നാളെ. 7 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇത്തവണ ആകാശപ്പൂരവും നടക്കും. ഇന്നലെ ഭക്തിസാന്ദ്രമായ തിരുവാഭരണ ഘോഷയാത്ര നടന്നു.തിരുമുന്നിലും ആശ്രാമം മൈതാനത്തും ആണു നാളെ കുടമാറ്റം. താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം നടത്തുന്ന കുടമാറ്റത്തിൽ ഇരുപക്ഷത്തും 13 ഗജവീരന്മാർ വീതം നിരക്കും. ഗജവീരന്മാരായ ഭാരത് വിനോദ് താമരക്കുളം ക്ഷേത്രത്തിന്റെയും പുത്തൻകുളം അനന്തപത്മനാഭൻ പുതിയകാവ് ക്ഷേത്രത്തിന്റെയും തിടമ്പേറ്റും. ആറാട്ടിനു തിടമ്പേറ്റുന്നത് തൃക്കടവൂർ ശിവരാജു ആണ്.നാളെ രാവിലെ 9നു വിവിധ ക്ഷേത്രങ്ങളിൽ നിന്നു ചെറുപൂരങ്ങളുടെ എഴുന്നള്ളത്ത് ആരംഭിക്കും. നഗരത്തിലെ 12 ക്ഷേത്രങ്ങളിൽ നിന്നാണു ചെറുപൂരങ്ങൾ പുറപ്പെടുന്നത്. ഇവ ക്ഷേത്രത്തിൽ എത്തിയ ശേഷം ആന നീരാട്ടും 12ന് ആനയൂട്ടും നടക്കും. ഉച്ചയ്ക്ക് 2ന് താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നള്ളത്ത് ആരംഭിക്കും. ചൊവ്വല്ലൂർ മോഹന വാരിയർ, തൃക്കടവൂർ അഖിൽ എന്നിവർ മേള പ്രമാണിമാരായി മേളം അരങ്ങേറും. പിന്നാലെ കെട്ടുകാഴ്ച എത്തും.കൊടിയിറക്കിയ ശേഷം ഭഗവാന്റെ തിടമ്പേറ്റിയ ഗജവീരൻ ആറാട്ട് പുറപ്പാടിനായി എഴുന്നള്ളി നിൽക്കുമ്പോഴാണു തിരുമുന്നിൽ കുടമാറ്റം. തുടർന്നാണ് ആശ്രാമം മൈതാനത്ത് മഹാപൂരവും കുടമാറ്റവും. മന്ത്രി കെ.എൻ.ബാലഗോപാൽ പൂരം ഉദ്ഘാടനം ചെയ്യും. ആർ.പി.ഗ്രൂപ്പ് ചെയർമാൻ ബി.രവിപിള്ള ഭദ്രദീപം തെളിക്കും. മന്ത്രി ജെ.ചിഞ്ചുറാണി പങ്കെടുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അധ്യക്ഷത വഹിക്കും. കുടമാറ്റത്തിനു ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ ആകാശപ്പൂരം ആരംഭിക്കും. ഹൈക്കോടതിയുടെ അനുമതിയോടെയാണ് വെടിക്കെട്ട്.
പൂരത്തിൽ പങ്കെടുക്കുന്ന ഗജവീരന്മാർ
പുതിയകാവ്
1. പനയ്ക്കൽ നീലകണ്ഠൻ, 2. ഉണ്ണിമങ്ങാട് കണ്ണൻ, 3. പ്ലാക്കാട് കണ്ണൻ, 4.ആനയടി അപ്പു, 5. പുത്തൻകുളം കേശവൻ, 6. പുത്തൻകുളം മോദി, 7. പുത്തൻകുളം അനന്തപത്മനാഭൻ (തിടമ്പ്), 8. പുത്തൻകുളം അർജുൻ, 9. കണവിള ശിവനാരായണൻ,10.പുത്തൻകുളം വിക്രം,11.പനയ്ക്കൽ നന്ദൻ, 12. പുത്തൻകുളം അനന്തകൃഷ്ണൻ, 13. പുത്തൻകുളം മോഹനകൃഷ്ണൻ.
താമരക്കുളം
1. നെടുമൺകാവ് മണികണ്ഠൻ, 2. തടത്താവിള മണികണ്ഠൻ, 3. ശക്തികുളങ്ങര രാജേശ്വരൻ, 4. ആദികേശവൻ, 5. ശ്രീകുമാർ, 6. മൗട്ടം രാജേന്ദ്രൻ, 7. ഭാരത് വിനോദ് (തിടമ്പ്), 8. വേമ്പനാട് അർജുൻ, 9. ചിറക്കര ദേവനാരായണൻ, 10. വട്ടമൺകാവ് മണികണ്ഠൻ, 11. പഞ്ചമത്തിൽ ദ്രോണ, 12. താമരക്കുടി വിജയൻ, 13. പാലയ്ക്കത്തറ അഭിമന്യു.
4ന് വിഷുക്കണി
ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെ 4ന് വിഷുക്കണി ആരംഭിക്കും. 5ന് കണിവേല. 10.30നു വിഷുസദ്യ.
ഗതാഗത നിയന്ത്രണം
കൊല്ലം• നാളെ നടക്കുന്ന പൂരത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ചിന്നക്കട, ശങ്കേഴ്സ് ആശുപത്രി, ചിന്നക്കട താലൂക്ക് ഓഫിസ് ജംക്‌ഷൻ എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് 2നു ശേഷം ആശ്രാമം മൈതാനം ഭാഗത്തേക്കു വാഹനങ്ങൾ കടത്തിവിടില്ലെന്നു പൊലീസ് അറിയിച്ചു.