തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും. ഒരു വർഷത്തോളം കഴിഞ്ഞ് വാദം പൂർത്തിയാക്കിയ ശേഷം വന്നത് ഭിന്ന വിധിയായിരുന്നു. ഈ കേസ് അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ ഭിന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ഫുൾ ബെഞ്ചിന് വിട്ടത്. ഇപ്പോൾ മൂന്നംഗ ബെഞ്ചാണ് ഏപ്രിൽ 12ന് കേസ് പരിഗണിക്കുക. ഇതിനിടെ പരാതിക്കാരൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുമെന്ന് തീരുമാനിച്ചിരുന്നു. വാദം കേൾക്കുമന്നതിന് മുമ്പ് ഹൈക്കോടതിയെ സമീപിക്കുമോ എന്ന് വ്യക്തമല്ല.
നിർണ്ണായക കേസിൽ വന്ന ഭിന്നവിധി നിയമ-രാഷ്ട്രീയ കേന്ദ്രങ്ങളിൽ തുടങ്ങിവെച്ചത് വലിയ ചർച്ചയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക അനുവദിച്ച കാബിനറ്റ് തീരുമാനം ലോകായുക്ത നിയമപ്രകാരം പരിശോധിക്കാമോ എന്നതിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൽ ഭിന്ന അഭിപ്രായം. പക്ഷെ ലോകായുക്തക്കും ഉപലോകായുക്തക്കുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ എന്തെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായമെന്നും പറയുന്നില്ല.