റമദാൻ മാസം; ശാന്തിഗിരിയില്‍ അന്നദാനത്തിനായി 10 ലക്ഷം കൈമാറി എം.എ യുസഫലി

റമദാനോടനുബന്ധിച്ച് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ശാന്തിഗിരി ആശ്രമത്തിന് അന്നദാനത്തിനായി 10 ലക്ഷം രൂപ കൈമാറി. റമദാനോടനുബന്ധിച്ചുള്ള വ്രതനാളുകളിലെ അവസാനത്തെ പത്തുദിവസത്തെ അന്നദാനത്തിനുള്ള തുകയായാണ് അദ്ദേഹം ശാന്തിഗിരിയ്ക്ക് കൈമാറിയത്. ശാന്തിഗിരി ആശ്രമമാണ് വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.ആശ്രമത്തില്‍ എത്തുന്ന സന്ദര്‍ശകരുള്‍പ്പെടെ ദിവസവും അയ്യായിരത്തോളം ആളുകള്‍ക്കാണ് സൗജന്യമായി അന്നദാനം നല്‍കുന്നത്. രാജ്യത്തുടനീളമുള്ള ബ്രാഞ്ചുകളിലും അത് തുടരുന്നു. ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാള്‍ അനക്സില്‍ ഇന്ന് (12-04-2023 ബുധന്‍) ചേര്‍ന്ന സൗഹൃദ മീറ്റിംഗിലാണ് ലുലു ഗ്രൂപ്പ് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്ക് ചെക്ക് കൈമാറിയത്.2006 മുതൽ എം.എ യൂസഫലിയുമായി താന്‍ അടുത്ത ബന്ധം പുലര്‍ത്തിവരുന്നതായി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ അദ്ദേഹം ആശ്രമം സന്ദര്‍ശിച്ചിരുന്നു. മഹാനായ മനുഷ്യസ്നേഹിയും ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുത് എന്ന വിശ്വാസ പ്രമാണം സ്വജീവിതത്തില്‍ പാലിക്കുകയും ചെയ്യുന്ന അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനത്തില്‍ കുറച്ചുമാത്രമേ പുറം ലോകമറിയുന്നുള്ളൂ.

വ്യക്തികൾ വലുതാകുന്നത് ചെറുതാകുന്നത് കൊണ്ടാണ് എന്ന് തെളിയിച്ചവരാണ് യഥാര്‍ത്ഥത്തിലുള്ള മഹാൻമാർ. എം.എ. യൂസഫലി ‍ ക്രാന്ത ദർശിത്വം ഉള്ള അത്തരം ഒരു മഹത് വ്യക്തിത്വമാണ്. ഓരോ വ്യക്തിയേയും അദ്ദേഹം സസൂഷ്മം ശ്രദ്ധിക്കുന്നതും അവരെ ചേര്‍ത്ത് പിടിക്കുവാന്‍ ശ്രമിക്കുന്നതും തനിക്ക് നേരിട്ട് കാണുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു.