അയോഗ്യതാ ഉത്തരവിലെ സ്റ്റേ നീട്ടില്ല, എ രാജയുടെ ആവശ്യം തള്ളി ഹൈക്കോടതി, അപ്പിൽ നൽകാൻ 10 ദിവസം മാത്രം സ്റ്റേ

കൊച്ചി : ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവിലെ ഇടക്കാല സ്റ്റേ നീട്ടണമെന്ന മുൻ എംഎൽഎ എ രാജയുടെ ആവശ്യം ഹൈക്കോടതി തള്ളി. അയോഗ്യതാ ഉത്തരവിൽ അപ്പീൽ നൽകാൻ അനുവദിച്ച പത്ത് ദിവസത്തെ സ്റ്റേ നീട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർ നടപടികൾ 20 ദിവസത്തേക്കുകൂടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദേവികുളം മുൻ എം.എൽഎ എ രാജ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അപ്പിൽ നൽകുന്നത് പരിഗണിച്ച് നേരത്തെ അനുവദിച്ച പത്തുദിവസത്തെ സ്റ്റേ ഇരുപത് ദിവസത്തേക്ക് ദീർഘിപ്പിക്കണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ ദിവസമാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാനവാദം. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി എസ് ഐ. പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തിൽപ്പെട്ടതാണെന്നും ഹ‍ർജിയിലുണ്ടായിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.