കൊവിഡ് കേസുകളിൽ വ‍ർധന: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധനവ് ഉണ്ടായ സഹാചര്യത്തിലാണ് ജാഗ്രതാ നിർദേശം. ആശുപത്രികളോട് കൊവിഡ് സർജ് പ്ലാൻ തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. കേസുകൾ കൂടുന്നത് മുന്നിൽ കണ്ട് ഒരുക്കം നടത്താൻ ജില്ലകൾക്കും നിർദേശം കിട്ടിയിട്ടുണ്ട്. കേസുകൾ ഉയർന്നാൽ ഉപയോഗിക്കാൻ ഐസിയു, വെൻ്റിലേറ്റർ സംവിധാനങ്ങൾ തയ്യാറാക്കിവയ്ക്കണമെന്നും നിർദേശമുണ്ട്. ഇന്നലെ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 172 ആയി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. ജിനോമിക് പരിശോധനയും ശക്തമാക്കും. അതേസമയം നിലവിൽ സംസ്ഥാനത്ത് എവിടെയും കൊവിഡ് ക്ലസ്റ്റർ ഇല്ല.