തൃശ്ശൂരിലെ സദാചാര കൊലപാതകം: പ്രതികൾ ഉത്തരാഖണ്ഡിൽ പിടിയിൽ, നാളെ നാട്ടിലെത്തിക്കും

തൃശ്ശൂർ: തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളായ നാലു പേർ പൊലീസ് കസ്റ്റഡിയിലായി. ഉത്തരാഖണ്ഡിൽ നിന്നാണ് ഇവർ പിടിയിലായത്. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ,  നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. ഇവരെ നാല് പേരെയും നാളെ വൈകീട്ടോടെ തൃശൂരിൽ എത്തിക്കും. സഹറിനെ മ‍ർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളിൽ ഒരാളായ ഗിഞ്ചുവിനെ നാട്ടിൽ നിന്ന് വാഹനത്തിൽ കൊച്ചിയിൽ എത്തിച്ച നവീൻ, പ്രതികൾക്ക് ഒളിവിൽ പോകാൻ സാമ്പത്തിക സഹായം നൽകിയ ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവ. പൊലീസ് പിടിയിലായിരുന്നു. ഫെബ്രുവരി പതിനെട്ടിന് രാത്രിയിലാണ് വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ എട്ടംഗ സംഘം മർദ്ദിച്ചത്.  ആന്തരിക അവയവങ്ങൾക്ക് അടക്കം പരിക്കുപറ്റിയ സഹർ ചികിത്സയിലിരിക്കെ മാർച്ച് ഏഴിന് മരിച്ചിരുന്നു.ചിറയ്ക്കൽ കോട്ടം നിവാസികളായ കൊടക്കാട്ടിൽ വിജിത്ത് , വിഷ്ണു, ഡിനോണ്‍, അമീർ, അരുണ്‍, രാഹുൽ, അഭിലാഷ്, ഗിഞ്ചു എന്നിവരുടെ പേരിൽ കേസിൽ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.