ശ്രേയസ് അയ്യർ കളിക്കില്ല, പകരക്കാരനാകാൻ സഞ്ജു സാംസൺ; ഏകദിന ടീമില്‍ തിരിച്ചെത്തും?

അഹമ്മദാബാദ്• കടുത്ത നടുവേദനയെ തുടർന്ന് അഹമ്മദാബാദ് ടെസ്റ്റിൽ ബാറ്റിങ്ങിന് ഇറങ്ങാതിരുന്ന ശ്രേയസ് അയ്യർക്ക് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയും നഷ്ടമാകാനാണു സാധ്യത. ഇതോടെ ബിസിസിഐ ശ്രേയസ് അയ്യർക്ക് പകരക്കാരനെ തേടുകയാണെന്നാണു റിപ്പോർട്ടുകൾ. ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ബിസിസിഐ അയ്യരുടെ പകരക്കാരനെ പ്രഖ്യാപിച്ചേക്കും. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ വീണ്ടും ഏകദിന ടീമിലേക്കു പരിഗണിക്കാനാണു സാധ്യത.ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ നേരത്തേ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ ടീമിലെടുത്തിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ സഞ്ജു സാംസൺ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് സഞ്ജു തിരിച്ചുവരവിന്റെ ഭാഗമായി പരിശീലിച്ചത്. ശ്രേയസിന് പകരക്കാരനാകാൻ സാധ്യതയുള്ളവരിൽ മുൻനിരയിലാണ് സഞ്ജു സാംസൺ.കടുത്ത നടുവേദനയുണ്ടെന്ന് ശ്രേയസ് അയ്യർ പറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ പരിശോധനകൾക്കു വിധേയനാക്കിയത്. ബിസിസിഐ മെ‍ഡിക്കൽ ടീം അയ്യരുടെ ആരോഗ്യ നില പരിശോധിച്ചുവരികയാണെന്നു ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. സ്കാനിങ് റിപ്പോർട്ടിൽ ശ്രേയസ് അയ്യരുടെ ആരോഗ്യം ത‍ൃപ്തികരമല്ലെന്നാണു വിവരം. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ശ്രേയസ് അയ്യര്‍ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല.