അച്ഛൻ ജോലിക്ക് പോയി, അമ്മ പൊങ്കാലയിടാനും; വീടിന്റെ മേൽക്കൂര തകർത്ത് ഉള്ളിൽ കയറി പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മാതാപിതാക്കൾ സ്ഥലത്തില്ലാത്ത സമയത്ത് വീടിന്റെ മേൽക്കൂര തകർത്ത് ഉള്ളിൽ കയറി പെൺകുട്ടികളെ ഉപദ്രവിച്ചയാൾ അറസ്റ്റിലായി. ശക്തികുളങ്ങര കന്നിമേൽച്ചേരി അമ്പിളിച്ചേഴത്ത് തെക്കതിൽ ശശാങ്കൻ എന്ന് വിളിക്കുന്ന സുജിത്തിനെയാണ് (26) പോക്‌സോ നിയമപ്രകാരം ശക്തികുളങ്ങര പൊലീസ് പിടികൂടിയത്.പിതാവ് ജോലിക്ക് പോയെന്നും മാതാവ് തിരുവനന്തപുരത്ത് പൊങ്കാലയിടാൻ പോയെന്നും മനസിലാക്കിയ പ്രതി രാത്രിയിൽ ഇവരുടെ വീട്ടിലെത്തി മുകൾ നിലയിലെ മേൽക്കൂര പൊളിച്ച് അകത്തു കയറുകയായിരുന്നു. ഉറങ്ങി കിടക്കുകയായിരുന്ന ഇളയ പെൺകുട്ടിയെ വായ പൊത്തിപ്പിടിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞ മൂത്തകുട്ടിയെ ആക്രമിക്കുകയായിരുന്നു.കുട്ടികൾ ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടു. സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനു വർഗ്ഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ആശാ.ഐ.വി, ഡാർവിൻ, ഷാജഹാൻ, സുദർശനൻ, എസ്.സിപിഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.