തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം പേട്ടയിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവതിയുടെ വാഹനത്തെ പിന്തുടരുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം പാറ്റൂർ ഭാഗത്ത് നിന്നുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.സിസിടിവി ദൃശ്യങ്ങളിൽ പാറ്റൂർ മുതൽ യുവതിയെ അക്രമി പിന്തുടരുന്നുണ്ട്. യുവതിയുടെ വാഹനത്തെ പിന്തുടരുന്ന പ്രതിയെ ദൃശ്യങ്ങളിൽ കാണാം. കൂടാതെ പ്രതി പോയത് പാറ്റൂർ ഭാഗത്തേക്കാണെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. അതേസമയം യുവതി ആക്രമിക്കപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാത്തത് പൊലീസിന് വലിയ തിരിച്ചടിയാണ്.കഴിഞ്ഞ 13 ന് രാത്രി 11 നായിരുന്നു സംഭവം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ആക്രമിച്ചത്. മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്‌നില്‍ നിന്നും അജ്ഞാതനായ ഒരാള്‍ പിന്തുടര്‍ന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തുകായിരുന്നു.പേട്ട സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് യുവതി ആരോപിച്ചു. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ട പൊലീസ്, മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് കേസെടുത്തത്. പിന്നാലെ പൊലീസുകാരായ ജയരാജ്, രഞ്ജിത്ത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച സംഭവിച്ചെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.