ഓസ്കർ പുരസ്കാര ധന്യതയിൽ ശ്രീ ഗുരുവായുരപ്പനെ കാണാൻ ബൊമ്മനും ബെള്ളിയുമെത്തി

മികച്ച ഡോക്യുമെൻ്ററി-ഹ്രസ്വചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയ എലിഫൻ്റ് വിസ്പറേഴ്സിലെ ' താര ദമ്പതിമാർ ' ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. തമിഴ്നാട് മുതുമല തെപ്പക്കാട് ആന സങ്കേതത്തിലെ പരിശീലകരായ ബൊമ്മനും പത്നി ബെള്ളിയുമാണ് ശ്രീ ഗുരുവായുരപ്പ ദർശന സായൂജ്യം തേടിയെത്തിയത്. ബൊമ്മൻ - ബെള്ളി ദമ്പതിമാരും അവർ മക്കളെ പോലെ വളർത്തിയ രണ്ട് കുട്ടിയാനകളുടെയും രക്തബന്ധത്തേക്കാൾ ഈടുറ്റ സ്നേഹവായ്പ്പിൻ്റെ ജീവിതകഥ പറയുന്ന ഹ്രസ്വചിത്രമാണ് എലിഫൻ്റ് വിസ് പറേഴ്സ്.ശ്രീഗുരുവായൂരപ്പ ഭക്തരായ ഇരുവരും എല്ലാ വർഷവും ഗുരുവായൂർ എത്താറുണ്ട്. "തങ്ങളുടെ കഥയും അഭിനയവും പങ്കുവെച്ച ചിത്രത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചപ്പോൾ ചെറുതല്ലാത്ത സന്തോഷമുണ്ടായി. അതിന് ശ്രീ ഗുരുവായൂരപ്പനോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. കടപ്പാടുണ്ട്. ഭഗവാനെ കണ്ട് അതറിയിക്കണമെന്ന് തോന്നി " - ബൊമ്മൻ പറഞ്ഞു.

കൊച്ചുമകൻ സഞ്ചുകുമാറിനോടൊപ്പം വൈകുന്നേരം നാലരയോടെ ദേവസ്വം ഓഫീസിലെത്തിയ ബൊമ്മൻ - ബെള്ളി ദമ്പതിമാർക്ക് ദേവസ്വം സ്വീകരണം നൽകി. ഒസ്കർ പുരസ്കാരനേട്ടത്തിൽ ഇരുവർക്കും ദേവസ്വത്തിൻ്റെ അഭിനന്ദനങ്ങൾ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നേർന്നു. തുടർന്ന് അദ്ദേഹം ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്മാരായ എ.കെ.രാധാകൃഷ്ണൻ , കെ.എസ് മായാദേവി, ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.. ആദരവേറ്റുവാങ്ങിയ ശേഷമാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എകെ രാധാകൃഷ്ണൻ ബൊമ്മൻ - ബെള്ളി ദമ്പതിമാർക്കൊപ്പം ഉണ്ടായിരുന്നു.

തമിഴ്‌നാട് വനം വകുപ്പിനു കീഴിലെ മുതുമല തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലെ പരിശീലകരാണ് ഇരുവരും. അച്ഛനും മുത്തച്ഛനുമെല്ലാം പരിശീലകരായിരുന്നു. മൂന്നു മക്കളാണ് ഈ ദമ്പതിമാർക്ക് . കാളൻ, മഞ്ചു, ജ്യോതി.