അഹമ്മദാബാദ്• ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടന്ന് ഇന്ത്യ. ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡ് ശ്രീലങ്കയ്ക്കെതിരെ വിജയിച്ചതോടെയാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. രണ്ടു ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ രണ്ടു വിക്കറ്റിനാണു ന്യൂസീലൻഡിന്റെ വിജയം. 285 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കിവീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ വിജയമുറപ്പിക്കുകയായിരുന്നു.ക്രൈസ്റ്റ് ചര്‍ച്ചിൽ നടന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ന്യൂസീലൻഡ്, ശ്രീലങ്കയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത ലങ്ക നേടിയത് 355 റൺസ്. മറുപടിയിൽ ന്യൂസീലൻഡ് 373 റൺസെടുത്ത് ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക 302 റൺസിനും പുറത്തായി. മറുപടി ബാറ്റിങ്ങിൽ സെഞ്ചറി നേടിയ കെയ്ൻ വില്യംസന്‍ കിവീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.194 പന്തുകൾ നേരിട്ട വില്യംസൻ 121 റൺസെടുത്തു പുറത്താകാതെ നിന്നു. കിവീസ് വിജയത്തോടെ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിൽ ഫലം വരുംമുൻപേ ഇന്ത്യ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. ജൂൺ ഏഴു മുതൽ 11 വരെ ലണ്ടനിലെ ഓവലിലാണ് ലോക ചാംപ്യൻഷിപ് പോരാട്ടം. ഓസ്ട്രേലിയയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.