കൊച്ചി: ബ്രഹ്മപുരം ദുരന്തത്തിന് ശേഷം പെയ്ത ആദ്യ മഴ കൊച്ചി നഗരവാസികളെ ആശങ്കയിലാഴ്ത്തി. മഴയ്ക്ക് പിന്നാലെ നഗരത്തിലെങ്ങും വെള്ളപ്പത പ്രത്യക്ഷപ്പെട്ടതാണ് ആശങ്കയ്ക്ക് കാരണമായത്. മഴയിൽ അമ്ലത്തിൻ്റെ സാന്നിധ്യമുണ്ടെന്ന് പല ശാസ്ത്രവിദഗ്ദ്ധരും വ്യക്തമാക്കി. ബ്രഹ്മപുരം ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് നഗരത്തിൽ മഴ പെയ്യുന്നത്. രണ്ടാഴ്ചയോളം വിഷപ്പുക മൂടി നിന്ന നഗരത്തിൽ പെയ്യുന്ന മഴ ആരോഗ്യത്തിന് നല്ലതായിരിക്കില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പല ആരോഗ്യവിദഗ്ദ്ധരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം അഗ്നിബാധയുണ്ടായ ബ്രഹ്മപുരത്തും നല്ല രീതിയിൽ മഴ ലഭിച്ചത് അവിടെ ക്യാംപ് ചെയ്യുന്ന അഗ്നിരക്ഷാസേന അംഗങ്ങൾക്ക് ആശ്വാസമായി. നല്ല രീതിയിൽ ലഭിച്ച മഴ മറ്റൊരു അഗ്നിബാധയ്ക്കുള്ള സാധ്യത ഇല്ലാതാക്കുമെന്നതാണ് അവരുടെ പ്രതീക്ഷ. മലപ്പുറം മുതൽ തെക്കോട്ടുള്ള വിവിധ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചു. മലയോര മേഖലയിൽ തുടങ്ങിയ മഴ പിന്നീട് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. കൊല്ലം , വയനാട് ജില്ലകളിലും ഇന്നലെ നല്ല രീതിയിൽ വേനൽ മഴ ലഭിച്ചിരുന്നു.