കിളിമാനൂർ • വീട്ടമ്മ മുറിയിൽ ശ്വാസംമുട്ടി മരിച്ച നിലയിലും ഭർത്താവിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കാരേറ്റ് പേടികുളം പവിഴത്തിൽ എസ്.രാജേന്ദ്രൻ (62) , ഭാര്യ ശശികല (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ കലഹത്തെതുടർന്ന്, രാജേന്ദ്രൻ ഭാര്യ ശശികലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്താണെന്ന് പൊലീസ് പറഞ്ഞു.വെള്ളിയാഴ്ച രാത്രി 11 നായിരുന്നു സംഭവം . സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. തോർത്ത് ചുറ്റി കഴുത്ത് ഞെരിച്ചും, തലയണ കൊണ്ട് ശ്വാസംമുട്ടിച്ചുമാണ് ശശികലയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രാജേന്ദ്രന്റെ, കൊച്ചിയിൽ താമസിക്കുന്ന മകൻ അരുൺരാജ് മൊബൈൽ ഫോണിൽ വീട്ടിലെ സിസിടിവി ലിങ്ക് ചെയ്തതിനാൽ ഇരുവരും തമ്മിൽ തർക്കം നടക്കുന്ന ദൃശ്യം കണ്ട് നാട്ടിലെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. സുഹൃത്തും വിവരമറിഞ്ഞ് പൊലീസും എത്തിയപ്പോഴേക്കും ഇരുവരും മരിച്ചു.റിട്ട. ഇറിഗേഷൻ ഉദ്യോഗസ്ഥനായ രാജേന്ദ്രന്റെ രണ്ടാം ഭാര്യയാണ് ശശികല. ആദ്യ ഭാര്യ മരിച്ചതിനെത്തുടർന്ന് 5 വർഷം മുൻപാണ് രാജേന്ദ്രനും ശശികലയും വിവാഹിതരായത്. ശശികലയുടെ മൂന്നാം വിവാഹമാണ്. ഈ ബന്ധത്തിൽ മക്കളില്ല. മക്കൾ: ജീവരാജ്, അരുൺരാജ് (കൊച്ചിൻ ഷിപ്പിയാഡ്), ആര്യരാജ്. മരുമക്കൾ: സുലാൽ , നന്ദു ( ഇരുവരും ദുബായ്), ജ്യോതിക. രാജേന്ദ്രന്റെ സംസ്കാരം പേടികുളം പവിഴം വീട്ടുവളപ്പിലും ശശികലയുടെ സംസ്കാരം വാവറഅമ്പലത്തെ വീട്ടു വളപ്പിലും നടന്നു.