ആട്ടോറിക്ഷയിൽ വിദേശ മദ്യം കടത്തുന്നതറിഞ്ഞു പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്ന ഓട്ടോഡ്രൈവർ പിടിയിൽ. കിളിമാനൂർ ആലത്തുകാവ് മുരുകൻ ക്ഷേത്രത്തിനു സമീപം അക്കരവിള വീട്ടിൽ സൂരജാണ് (34) പിടിയിലായത് . ഇന്ന് 12 മണിക്ക് കിളിമാനൂർ എക്സൈസ് ഇൻസ്‌പെക്ടറുടെ ചുമതലയുള്ള വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറും പാർട്ടിയും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.24 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ഓട്ടോയും പിടിച്ചെടുത്തു .
ഇന്നലെ അർധരാത്രിയാണ് കിളിമാനൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ഷൈജു പാർട്ടിയും പട്രോൾ ചെയ്തുവരവെ മദ്യം ഓട്ടോറിക്ഷയിൽ കയറ്റുന്ന പ്രതിയെ കാണുന്നത്. എക്സൈസ് ജീപ്പിൽ നിന്നും ഇറങ്ങി പ്രതിയെ പിടികൂടാൻ ശ്രമിക്കവെ ഉദ്യോഗസ്ഥരെ ആക്രമിച്ച് സൂരജ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പാർട്ടി ഓട്ടോയും മദ്യവും കസ്റ്റഡിയിലെടുത്ത് കേസെടുത്തു. അന്വേഷണത്തിനിടയിൽ ഇന്ന് ഉച്ചയോടുകൂടിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്.
2019ലും ഇതേ ഓട്ടോയിൽ വിദേശമദ്യ വില്പന നടത്തിവന്ന ടി പ്രതിയെ പിടികൂടാൻ എത്തിയ എക്സൈസ് സംഘത്തെ അമിത വേഗത്തിൽ ഓട്ടോ ഓടിച്ച് മറിച്ചിട്ട് ടിയാൻ അപകടപ്പെടുത്തിയിരുന്നു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവൻറ്റീവ് ഓഫീസർമാരായ ഷൈജു, അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ, അൻസാർ എന്നിവർ ഉണ്ടായിരുന്നു