'ഭർത്താവ് മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, എങ്ങനെ ഇത്തരമൊരു കിംവാദന്തി പരത്തുന്നു': മീന

താൻ രണ്ടാമതും വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് നടി മീന. എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പോഴേക്കും ഇത്തരമൊരു കിംവാദന്തി പരത്തുന്നത് എങ്ങനെയെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മീന പറഞ്ഞു. 

കഥകള്‍ നല്ലതാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ, എന്റെ മകള്‍ക്ക് നല്ലൊരു ഭാവി നല്‍കും, ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള തന്റെ ലക്ഷ്യമെന്നും മീന പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ ആണ് മീനയും നടൻ ധനുഷും വിവാഹിതരാകാൻ പോകുന്നുവെന്ന് പറഞ്ഞത്. 'രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവർക്കും പങ്കാളികളികളില്ല. അതുകൊണ്ട് പുതിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ഈ ജൂണില്‍ ഇവര്‍ വിവാഹിതയായേക്കും. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം" - എന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്. പിന്നാലെ രം​ഗനാഥനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്. 

കഴിഞ്ഞ വർഷം ജൂണിൽ ആണ് മീനയുടെ ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണം. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാ​ഗർ. ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്.ജൂലൈ 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാ​ഗർ യാത്ര പറഞ്ഞത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിദ്യാസാ​ഗറുമായിട്ടുള്ള മീനയുടെ വിവാഹം. ബംഗളൂരുവിൽ വ്യവസായിയാണ് വിദ്യാസാഗർ.