ഫുട്ബാള്‍ കളിക്കുകയായിരുന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചക്കേസില്‍ നാലുപേരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടൂര്‍ സ്വദേശികളായ സുധി,അജി,നന്ദുശിവ,അനന്തു എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് വൈകിട്ട് 6നായിരുന്നു സംഭവം. വയല്‍ഗ്രൗണ്ടില്‍ ഫുട്ബാള്‍ കളിക്കുകയായിരുന്ന വെട്ടൂര്‍ വലയന്റകുഴി സ്വദേശി സുമേഷിനാണ് മര്‍ദ്ദനമേറ്റത്.
പ്രതികള്‍ നാലുപേരും ചേര്‍ന്ന് ഗ്രൗണ്ടിലെത്തി മുന്‍വൈരാഗ്യത്തിന്റെ പേരില്‍ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പാറക്കല്ല് ഉപയോഗിച്ച് മുഖത്ത് ഇടിച്ചതിനാല്‍ യുവാവിന്റെ മൂക്കിന് പൊട്ടലുണ്ട്. നെറ്റിയിലും കണ്ണിന്റെ ഭാഗത്തും പരിക്കുണ്ട്. കഴുത്തിലെ ഞരമ്പിനും ക്ഷതമേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തര ചികിത്സ തേടിയ യുവാവിനെ ഇപ്പോള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.