'വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തകരായ നിങ്ങള്‍ ഫെയ്മസല്ലേ'; കൊണ്ടോട്ടിയിലെ ജനങ്ങളെ അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍

മലപ്പുറം: കോവിഡ് ഭീതിയുടെ കാലത്ത് കോരിച്ചൊരിയുന്ന മഴയത്തും വിമാനാപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങിയ കൊണ്ടോട്ടിയിലെ ജനങ്ങളെ അഭിനന്ദിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കൊണ്ടോട്ടി പണ്ടേ പ്രശസ്തമാണെന്നും വിമാനാപകടമുണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത് നിങ്ങളാണെന്നും പറഞ്ഞാണ് ദുല്‍ഖര്‍ കൊണ്ടോട്ടിക്കാരെ അഭിസംബോധന ചെയ്തത്. സ്വയംവര സിൽക്‌സിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ദുൽഖർ കൊണ്ടോട്ടിയിലെത്തിയത്. തന്നെ കാണാന്‍ നേരിട്ട് വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും സ്നേഹമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.തന്‍റെ സിനിമാ തുടക്കം കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായിരുന്നെന്നും ദുല്‍ഖര്‍ ഓര്‍ത്തെടുത്തു. 'ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് ഇവിടേക്ക് വരുന്നത്. സെക്കന്‍ഡ് ഷോയുടെ ചിത്രീകരണം കോഴിക്കോട് വെച്ചായിരുന്നു. അന്ന് ആര്‍ക്കും എന്നെ അറിയില്ലായിരുന്നു. അന്ന് കോഴിക്കോട് മൊത്തം എക്സ്പ്ലോര്‍ ചെയ്തു. ഷോപ്പിങ്ങിനേക്കാള്‍ എനിക്കിഷ്ടം ഭക്ഷണം കഴിക്കാനായിരുന്നു. ബോംബൈ ഹോട്ടലിലും പാരഗണിലും പോയി കഴിച്ചിട്ടുണ്ട്. അതൊക്കെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്'; ദുല്‍ഖര്‍ പറഞ്ഞു.തനിക്ക് ചെറുപ്പം മുതലേ ഒരു ഫാഷന്‍ ഐക്കണേയുള്ളൂ അത് വാപ്പച്ചിയാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്‍റേതായി ഇനി പുറത്തുവരാനിരിക്കുന്ന ചിത്രം. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ഹൈ ബഡ്ജറ്റ് മാസ്സ് ചിത്രം ഓണത്തിന് സിനിമാസ്വാദകരിലേക്കെത്തും. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് കിംഗ് ഓഫ് കൊത്ത റിലീസിനൊരുങ്ങുന്നത്.