സന്‍ഫ്രാന്‍സിസ്കോ: ഗൂഗിൾ ട്രാൻസലേറ്ററിനെ ആശ്രയിക്കുന്നവർക്ക് സന്തോഷ വാര്‍ത്ത. ഗൂഗിൾ ട്രാൻസലേറ്ററിൽ പുതിയ അപ്ഡേറ്റ് എത്തിയിട്ടുണ്ട്. ട്രാൻസലേറ്ററിന്റെ വെബ് പതിപ്പില്‍ ഇനി മുതൽ ചിത്രങ്ങളിലെ എഴുത്തും ട്രാൻസലേറ്റ് ചെയ്യാനാകും. ഇതിനായി ഗൂഗിൾ ട്രാൻസ്ലേറ്റ് വെബ്ബിൽ ടെക്സ്റ്റ്, ഡോക്യുമെന്റ്, വെബ്‌സൈറ്റ് ഓപ്ഷനുകൾക്കൊപ്പം പുതിയ ഇമേജ് ടാബ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങളിലെ എഴുത്ത് ട്രാൻസലേറ്റ് ചെയ്യുന്നതിനായി ഇമേജ് ടാബിൽ ക്ലിക്ക് ചെയ്യണം. അതിനു ശേഷം ജെപിജി, ജെപിഇജി, പിഎൻജി ഫോർമാറ്റുകളിലുള്ള ചിത്രങ്ങൾ അപ് ലോഡ് ചെയ്താൽ മതിയാകും. അപ്ലോഡ് ചെയ്ത ഉടനെ ചിത്രത്തിലെ എഴുത്തിന്‍റെ ഭാഷ ട്രാൻസലേറ്റർ തിരിച്ചറിയുമെന്നതാണ് പ്രത്യേകത. ഇത്തരത്തിൽ 132 ഭാഷകളിൽ ട്രാൻസലേറ്റ് ചെയ്യാൻ പറ്റും. നിലവിൽ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ട്രാൻസലേറ്റ് ചെയ്യാൻ പറ്റും.ഇതിന് സമാനമായി തന്നെയാണ് ഗൂഗിൾ ട്രാൻസ്ലേറ്റ് വെബ്ബിലെ പുതിയ സൗകര്യവും. ഗൂഗിൾ ലെൻസിൽ ഉപയോഗിച്ച ജെനറേറ്റീവ് അഡ്വേഴ്‌സറിയൽ നെറ്റ് വർക്ക് എന്ന ജിഎഎൻ സാങ്കേതിക വിദ്യയാണ് വെബിലും ഉപയോഗിച്ചിരിക്കുന്നത്.അപ്ലോഡ് ചെയ്യുന്ന ചിത്രത്തിലെ എഴുത്തിന്റെ അതേ സ്ഥാനത്ത് തന്നെയാണ് വിവർത്തനം ചെയ്ത എഴുത്തും കാണാനാവുക. ഇതിനു പുറമെ ഭാഷമാറ്റിയ ചിത്രം ഡൗൺലോഡ് ചെയ്‌തെടുക്കാനും സാധിക്കും. കൂടാതെ ചിത്രത്തിലെ എഴുത്ത് മാത്രം കോപ്പി ചെയ്‌തെടുക്കാനും സംവിധാനമുണ്ട്.