കല്ലമ്പലം മാവിൻമൂട് പറകുന്ന് ഇരുപത്തെട്ടാം മൈല്‍ റൂട്ടില്‍ വേണ്ടത്ര ബസ് ഇല്ലാത്തത് യാത്രാ ക്ലേശം രൂക്ഷമാക്കുന്നു.

നാല് ബസുകള്‍ ഓടിയിരുന്ന ധാരാളം യാത്രക്കാരുള്ള മാവിന്‍മൂട് പറകുന്ന് ഇരുപത്തെട്ടാം മൈല്‍ റൂട്ടില്‍ വേണ്ടത്ര ബസ് ഇല്ലാത്തത് യാത്രാ ക്ലേശം രൂക്ഷമാക്കുന്നു. വര്‍ക്കലകല്ലമ്പലം റോഡിനെ നാവായിക്കുളം ദേശീയപാതയുമായി ബന്ധിപ്പിച്ചിരുന്ന അഞ്ചു കിലോമീറ്ററോളം വരുന്ന ഇട റോഡിനാണ് ഈ ദുര്‍ഗതി.വര്‍ഷങ്ങളായി തുടരുന്ന യാത്രാ ക്ലേശം കോവിഡിന് ശേഷം രൂക്ഷമായി എന്നാണ് പരാതി. രണ്ട് കെഎസ്ആര്‍ടിസിയും രണ്ട് സ്വകാര്യ ബസുകളും ഓടിയിരുന്ന റൂട്ടില്‍ ഇപ്പോള്‍ ആകെ ഒരു സ്വകാര്യ ബസ് മാത്രമാണ് ഉള്ളത്.നാലു നേരങ്ങളില്‍ ട്രിപ്പ് നടത്തുന്ന ഈ ബസാണ് ഇപ്പോള്‍ ആകെ ആശ്വാസം.

 നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസുകള്‍ ഇനിയും പുന:സ്ഥാപിക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതു സംബന്ധിച്ച് നാട്ടുകാരുടെ പരാതി വിവിധ ഘട്ടങ്ങളില്‍ അധികാരികള്‍ക്ക് നല്‍കി എങ്കിലും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസിയും പൊതു പ്രവര്‍ത്തകനും ആയ ആനാംപൊയ്ക രാധാകൃഷ്ണന്‍ പറയുന്നു. നാലു കോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച രാജ്യാന്തര നിലവാരത്തിലുള്ള റോഡുള്ള റൂട്ടിലെ യാത്രാ ക്ലേശം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു എന്നാണ് ആക്ഷേപം. ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ഏതാനും കെഎസ്ആര്‍ടിസി ബസുകള്‍ മാവിന്‍മൂട് പറകുന്ന് വഴി ഇരുപത്തെട്ടാംമൈലിലും തിരിച്ചും സര്‍വീസ് നടത്തിയാല്‍ പ്രശ്‌നം ഒഴിവാകും എന്നും കലക്ഷന്‍ സാധ്യത ഉണ്ടെന്നും നാട്ടുകാരും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.എന്നാല്‍ ഇത് പരീക്ഷിച്ചു നോക്കാനോ യാത്രാ ക്ലേശം പരിഹരിക്കാനോ യാതൊരു നടപടിയും ഇതു വരെ ഉണ്ടായില്ല എന്നാണ് പരാതി.