2024ലോടെ കേരളത്തെ സീറോ വേസ്റ്റ് പദവിയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. പ്രഥമ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വ മിഷനും യു.എസ്.ടി ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ക്ലീൻ അപ് ഡ്രൈവ് തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികൾ ഒഴിവാക്കാനുള്ള മുൻകരുതലുകളാണ് ആവശ്യമെന്നും, പ്രതിസന്ധി ഉണ്ടായാൽ പ്രശ്‌നപരിഹാരത്തിനുള്ള അവസരമായി അതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ശുചിത്വ സൈന്യമാണ് ഹരിത കർമസേന. ഹരിതകർമസേനയില്ലാതെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കടലോരശുചീകരണത്തിൽ മന്ത്രിയും പങ്കാളിയായി.
ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം 2023 മുതൽ എല്ലാ വർഷവും മാർച്ച് 30 അന്താരാഷ്ട്ര സീറോവേസ്റ്റ് ദിനമായി ആചരിക്കും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ പുനരുപയോഗം പരമാവധിയാക്കാനും മാലിന്യവും ഉപഭോഗവും കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്‌കരൻ, ഹരിതകർമ്മസേനാംഗങ്ങൾ, യുഎസ്ടി ഗ്ലോബൽ ജീവനക്കാർ തുടങ്ങിയവരും ബീച്ച് ക്ലീൻ അപ് ഡ്രൈവിൽ പങ്കെടുത്തു. #DIOTVM #diotvm #dioprdtvm #dio #trivandrum #thiruvananthapuram #keralagovernment #govermentofkerala #Thiruvananthapuram #beach #cleanupdrive #mbrajesh