തിരുവനന്തപുരം: ഉത്സവ പറമ്പിൽ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവേ കിണർ മൂടിയിരുന്നു പലകകൾ തകർന്ന് കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം. യുവാവിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവും കിണറ്റിൽ അകപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്ത് എടുത്തത്. നേമം മേലാങ്കോട് മുത്തുമാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. നേമം പൊന്നുമംഗലം ശങ്കർനഗറിൽ ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്താ(23)ണ് മരിച്ചത്. ഇതോടെ ഒരു നാടിന്‍റെ ഉത്സവ ആഘോഷം ദുരന്തത്തിലേക്ക് വഴിമാറി.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് ഗാനമേള സംഘടിപ്പിച്ചിരുന്നു. സ്ഥല പരിമിതി കാരണം സ്റ്റേജിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും ആളുകൾക്ക് ഇരിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഇതിനായി പുരയിടത്തിലെ കിണർ പലകകൾ കൊണ്ട് അടച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ഇതിന് മുകളിൽ ആണ് കൊല്ലപ്പെട്ട ഇന്ദ്രജിത്ത് ഉൾപ്പെടെയുള്ളവർ നിന്നിരുന്നത്. പാട്ട് കേട്ട് ഇതിന് മുകളിൽ നിന്ന് നൃത്തം ചെയ്യവേ പലകകൾ ഇന്ദ്രജിത്ത് തകർന്ന് കിണറ്റിൽ വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇത് കണ്ട സുഹൃത്ത് കാരയ്ക്കാമണ്ഡപം മേലാങ്കോട് സ്വദേശി അഖിൽ ഇന്ദ്രജിത്തിനെ രക്ഷിക്കാൻ കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും ശ്വാസതടസ്സമുണ്ടാവുകയും കിണറ്റിനുള്ളിൽ കുടങ്ങുകയും ആയിരുന്നു. തുടർന്ന് ചെങ്കൽച്ചൂളയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് ഇരുവരെയും പുറത്ത് എടുത്തത്. ആഴമുള്ള കിണർ അയതിനാൽ വായു സഞ്ചാരം കുറവായിരുന്നു എന്ന് ഫയർഫോഴ്സ് സംഘം പറഞ്ഞു. പുറത്ത് എടുക്കുബോഴേക്കും ഇന്ദ്രജിത്ത് മരിച്ചിരുന്നു. അഖിലിനെ പരിക്കുകളോടെ നേമം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. വെൽഡിങ് തൊഴിലാളി ആണ് മരിച്ച ഇന്ദ്രജിത്ത്.