തിരുവനന്തപുരം: പൊതുഇടങ്ങളിലെയും ട്രെയിനുകളിലെയും ശുചിമുറിയില്‍ സ്ത്രീകളുടെ നമ്പര്‍ എഴുതിവെച്ചത് കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ അങ്ങനെ എഴുതിവെച്ച ആളെ പൊലീസ് പിടികൂടുന്നത് അത്യപൂർവ്വമാണ്. അങ്ങനെ ഒരു പ്രതിക്കെതിരെ അഞ്ച് വര്‍ഷമായി നിയമപോരാട്ടം നടത്തുകയാണ് തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മ.2018 മെയ് നാലിന് രാവിലെ ഈ സ്ത്രീയുടെ മൊബൈല്‍ നമ്പറിലേക്ക് തമിഴ് ചുവയില്‍ ഒരു അശ്ലീലച്ചുവയുള്ള സംസാരത്തില്‍ ഒരു കോള്‍ വരുന്നു. പിന്നീട് കോളുകളുടെ പെരുമഴ. ഇവർ വല്ലാത്ത അവസ്ഥയിലായി. ഇതിനിടയിൽ വന്നൊരു കോള്‍ ഇവര്‍ക്ക് ആശ്വാസവും വഴിത്തിരിവുമായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയിൽ പേരും ഫോണ്‍ നമ്പറും എഴുതിയിട്ടിട്ടുണ്ട് എന്നായിരുന്നു ആ കാൾ. വിളിച്ചയാള്‍ വാട്സ്ആപ്പ് വഴി ഫോട്ടോ അയച്ച് കൊടുക്കുകയും ചെയ്തു. ആരുമായും ശത്രുതയില്ലാതെ ജീവിക്കുന്ന സ്ത്രീക്ക് ആ അക്ഷരങ്ങളും അക്കങ്ങളും നല്ല പരിചയം തോന്നി. റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയായ ഭര്‍ത്താവ് സൂക്ഷിച്ച മിനുട്സ് ബുക്കില്‍ എഴുതിയ അതേ എഴുത്ത്. ബാംഗ്ലൂരിലെ സ്വകാര്യ ലാബിലേക്ക് അയച്ച് രണ്ട് എഴുത്തും ഒരാളുടേത് തന്നെ എന്ന് സ്ഥിരീകരിച്ചു. മുമ്പ് ഐ ഐ ഐ ടി എം കെയിലും നിലവിൽ ഡിജിറ്റിൽ സർവകലാശാലയിലും അസിസ്റ്റന്‍റ് പ്രൊഫസറായ അജിത്കുമാർ. യുവതിയുടെ ഭര്‍ത്താവ് റെസിഡന്‍സ് അസോസിയേന്‍റെ സെക്രട്ടറിയായിരുന്ന കാലത്ത് മറ്റൊരു യുവതിയുടെ ഭര്‍ത്താവ് ഇയാള്‍ക്കെതിരെ പരാതി പറഞ്ഞെന്നും ഇതേക്കുറിച്ച് ചോദിച്ചതുമാണ് വൈരാഗ്യത്തിന് കാരണണെന്ന് വീട്ടമ്മ പറയുന്നു.പിന്നാലെ വീട്ടമ്മ വനിത പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഡിജിപിക്കും എറണാകുളം റെയില്‍വേ പൊലീസിലും നേരിട്ട് പരാതി കൊടുത്തു. ആദ്യം അവഗണിച്ച പൊലീസ് പിന്നീട് കേസെടുത്തു. തുടര്‍ന്ന്, സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് വന്നു. ശുചിമുറിയിലെ എഴുത്തും അജിത്ത് കുമാറിന്‍റെ എഴുത്തും ഒന്നെന്ന് സ്ഥിരീകരിച്ചു. ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയ പൊലീസ് പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം കിട്ടാന്‍ അവസരമൊരുക്കി എന്നും ആക്ഷേപമുണ്ട്. ഒടുവില്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പ്രധാന അധ്യാപകരില്‍ ഒരാളായ അജിത്ത് കുമാറിനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ് പൊലീസ്. അതേസമയം പരാതി വ്യാജമാണെന്നാണ് അജിത്കുമാർ വിശദീകരിച്ചത്.