ഏപ്രിൽ മുതൽ റേഷൻകട വഴി സമ്പുഷ്ടീകരിച്ച പുഴുക്കലരി മാത്രം

പോഷകമൂല്യങ്ങൾ ചേർത്തു സമ്പുഷ്ടീകരിച്ച അരി 
(ഫോർട്ടിഫൈഡ് റൈസ്) ഉപയോഗിക്കുന്നതു മൂലം ദോഷമില്ലെന്ന് ആരോഗ്യവകുപ്പ് 
അറിയിച്ച സാഹചര്യത്തിൽ ഏപ്രിൽ മുതൽ റേഷൻ കടകൾ വഴി ഈ അരി മാത്രമേ വിതരണം 
ചെയ്യാൻ സാധിക്കുകയുള്ളുവെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കേന്ദ്രത്തിൽ 
നിന്ന് ഇനി സമ്പുഷ്ടീകരിച്ച പുഴുക്കലരി മാത്രമേ ലഭിക്കൂ. ഇതിനു പുറമേ 
കേരളത്തിൽ ഉൽപാദിപ്പിച്ചു റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന 5.25 ലക്ഷം ടൺ 
മട്ട അരിയും സമ്പുഷ്ടീകരിക്കണം.
ഇത്തരം അരി വിതരണത്തിൽ നിന്നു സിക്കിൾസെൽ അനീമിയ, തലാസീമിയ രോഗികളെ 
മാത്രമേ ഒഴിവാക്കാനാകൂ.  നിലവിൽ വയനാട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ 
സമ്പുഷ്ടീകരിച്ച അരി നൽകുമ്പോൾ ഇത്തരം രോഗികളെ ഒഴിവാക്കിയാണു നൽകിയത്.
സംയോജിത ശിശുവികസന പദ്ധതി പ്രകാരവും മറ്റും ഉച്ചഭക്ഷണ പദ്ധതിക്കായി 
രണ്ടു വർഷത്തോളമായി ഈ അരിയാണു നൽകുന്നത്. സബ്സിഡി പ്രകാരം അരി നൽകണമെങ്കിൽ 
സമ്പുഷ്ടീകരിച്ച അരിയേ നൽകാനാവൂ എന്നാണു കേന്ദ്ര നിലപാട്. 
ഏപ്രിൽ പകുതിയോടെ ജയ അരി 
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ആന്ധ്ര ജയ അരി ഏപ്രിൽ പകുതിയോടെ കേരളത്തിൽ 
എത്തും. ഈ ഇനത്തിലെ അരിക്കു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഉൽപാദനം 
വർധിപ്പിക്കുന്നതിന് ആന്ധ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രത്തോട് ആവശ്യപ്പെട്ടതു പ്രകാരം ലഭിച്ച 991 ടൺ റാഗി തിരഞ്ഞെടുത്ത 
മില്ലുകളിൽ പൊടിച്ച് ഒരു കിലോ പാക്കറ്റുകളാക്കി ഏപ്രിൽ മുതൽ വിതരണം 
ചെയ്യും. മുൻഗണന ഇതര കാർഡുകൾക്കുള്ള ഗോതമ്പു വിതരണം ഈ മാസം  
പുനരാരംഭിക്കും.