കൈയിൽ സ്വർണം ചുറ്റി ഷർട്ട് മൂടി കൂളായി നടന്നു, അതും എയർ ഇന്ത്യ ക്യാബിൻ ക്രൂ; പക്ഷേ നെടുമ്പാശ്ശേരിയിൽ പിടിവീണു

കൊച്ചി: സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ക്യാബിൻ ക്രൂ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വർണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് പിടികൂടിയത്. ബഹ്റെയ്ൻ, കോഴിക്കോട്, കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. കൈകളിൽ സ്വർണം ചുറ്റി വച്ച ശേഷം ഷർട്ടിന്റെ കൈ മൂടി ഗ്രീൻ ചാനൽ വഴി രക്ഷപ്പെടാനായിരുന്നു ഷാഫിയുടെ ശ്രമം. എന്നാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇയാൾക്ക് പിടിവീഴുകയായിരുന്നു. ഇയാൾ മുമ്പും സമാന രീതിയിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലടക്കം അന്വേഷണം നടക്കും.