കലാഭവൻ മണി ഓർമയായിട്ട് ഏഴ് വർഷം.2016 മാർച്ച് ആറിനായിരുന്നു ചാലക്കുടിക്കാരൻ ചങ്ങാതിയുടെ അപ്രതീക്ഷിത വിയോഗം.മലയാളികൾ അത്രമേൽ നെഞ്ചേറ്റിയ കലാകാരൻ. മലയാള ചലച്ചിത്ര രംഗത്ത് കലാഭവൻ മണി എന്ന അതുല്യ പ്രതിഭ കയ്യൊപ്പ് ചാർത്തിയത് ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളിലാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടൻ മലയാളവും കടന്ന് അന്യഭാഷകൾക്കും പ്രിയപ്പെട്ടവനായി. പ്രശസ്‌തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയെയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേർത്തുവച്ചിരുന്നു. ദാരിദ്ര്യത്തിന്റെ ദിനങ്ങളിൽനിന്ന് ആരാധകമനസ്സിന്റെ സ്‌നേഹ സമ്പന്നതയിലേക്കാണ് മണിയെന്ന അതുല്യ പ്രതിഭ നടന്നുകയറിയത്.തെലുഗ്, കന്നട, തമിഴ്, മലയാളം ഭാഷകളിലായി ഇരുനൂറോളം സിനിമ. ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായും പല പല പകർന്നാട്ടങ്ങൾ. തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണി കൊച്ചിൻ കലാഭവൻ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്ത് എത്തിയത്. അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ സിനിമയിലെത്തിയെങ്കിലും സല്ലാപത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് നായകവേഷങ്ങളിലെത്തിയ മണി വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി.
ദേശീയ ചലച്ചിത്ര പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയർ അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ മണിയെ തേടിയെത്തി. 2016 മാർച്ച് ആറിന് അപ്രതീക്ഷിതമായാണ് മണി ജീവിത തിരശ്ശീല താഴ്‌ത്തി രംഗമൊഴിഞ്ഞത്.
വെള്ളിത്തിരയിലെ താരമായിരിക്കുമ്പോൾ തന്നെ സാധാരണ മനുഷ്യർക്കൊപ്പമായിരുന്നു മണി. അത് കൊണ്ടാണ് മണിയെ ഓർക്കുമ്പോൾ ഉച്ചത്തിലുള്ള പാട്ടുകളും ആ ചിരിയും എണ്ണം പറഞ്ഞ കഥാപാത്രങ്ങളും മനസിലേക്ക് ഓടി വരുന്നത്.
ചാലക്കുടിയിൽ ഇന്ന് കലാഭവൻ സ്മരണയുമായി ബന്ധപ്പെട്ട് വിവിധ പരിപാടി കൾ സംഘടിപ്പിച്ചിട്ടുണ്ട്