ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻകം ടാക്സ് റെയ്ഡ് 

കൊച്ചി : വ്യവസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻകംടാക്സ് റെയ്ഡ്. രാജ്യത്തെ 70 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലും കൊയിലാണ്ടിയിലും ഡൽഹിയിലും ചെന്നെയിലും മുംബൈയിലും  പരിശോധന തുടരുകയാണ്. റിയൽ എസ്റ്റേറ്റ് സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ ചെന്നൈ യുണിറ്റാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.ലാന്റ് ബാങ്കിന്റെ പേരിലുളള സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നിലം ഭൂമിയടക്കം വാങ്ങി നികത്തി വൻകിട ഗ്രൂപ്പുകൾക്ക് കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വെച്ച്  നടത്തിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തി. ഫാരിസുമായി നടത്തിയ ഇടപാടുകളുടെ പശ്ചാത്തലത്തിൽ ശോഭാ ഡെവലപ്പേഴ്സിന്റെ ഓഫീസിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. തൃശൂരിലെ ഹെഡ് ഓഫീസിലാണ് പരിശോധന നടക്കുന്നത്.