പത്തനംതിട്ട: നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി സജി (28), ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കട്ടപ്പന സ്വദേശി ദേവന്‍ (28) പാലക്കാട് സ്വദേശി അനീഷ് (34) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 11.45ന് മേലേവെട്ടി പ്രം ജങ്ഷന് സമീപത്തായിരുന്നു അപകടം. ഇവര്‍ നാലു പേരും റാന്നി ഐത്തല പള്ളിയുടെ പെയിന്റിങ് ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ ഭാഗത്തുനിന്ന് താഴെ വെട്ടിപ്രം ഭാഗത്തേക്ക് പോയ ബൈക്കുകളില്‍ എതിര്‍വശത്തു നിന്ന് അമിതവേഗത്തിൽ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. സജിയും ശ്രീജിത്തും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച കാര്‍ പിറകെ വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സജിയെയും ശ്രീജിത്തിനെയും ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.