കൊല്ലത്ത് പോക്സോ കേസ് പ്രതിയും സുഹൃത്തും ചേർന്ന് ഇരയുടെ അച്ഛനെ മർദിച്ചു

കൊല്ലം: കൊല്ലം ചിതറയിൽ പോക്സോ കേസ് പ്രതിയും സുഹൃത്തും ചേർന്ന് ഇരയുടെ അച്ഛനെ മർദിച്ചു. തങ്ങൾക്കെതിരെ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിലായിരുന്നു മർദനം. ചിതറ കണ്ണംകോട് സ്വദേശി അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചിതറ സ്വദേശിയായ ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 2021 ൽ അനീഷിനെതിരെ പോക്സോ കുറ്റം ചുമത്തിയിരുന്നു. ഈ കേസിന്‍റെ വിചാരണ നടക്കുന്നതിനിടയിലാണ് കുട്ടിയുടെ അച്ഛനെ അനീഷും സുഹൃത്തും ചേർന്ന് മർദിച്ചത്.ഈ കഴിഞ്ഞ അഞ്ചാം തീയതി രാത്രി ഏഴുമണിയോടെ വീടിന് മുന്നിൽ നിന്ന അമ്പത്തിയാറുകാരനെ അനീഷും സുഹൃത്ത് അനിലും ചേർന്ന് കമ്പുകൊണ്ട് മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അച്ഛൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഇരുവരും കടന്ന് കളഞ്ഞിരുന്നു. തുടർന്നുള്ള തെരച്ചിലിൽ അനീഷ് കടയ്ക്കലിൽ നിന്ന് പിടിയിലായി. കേസ് നൽകിയതിന്‍റെ പക മൂലമാണ് ഇയാളെ മർദിച്ചതെന്ന് പ്രതി സമ്മതിച്ചു . കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ അനീഷിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. സുഹൃത്ത് അനിലിനെ പിടികൂടാൻ ആയിട്ടില്ല.