ചവറ • തേവലക്കര അരിനല്ലൂരിൽ വീടിനുള്ളിൽ അമ്മയെയും മകനെയും തീപൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അരിനല്ലൂർ സന്തോഷ് ഭവനിൽ പരേതനായ വർഗീസിന്റെ ഭാര്യ ലില്ലി (62), സെക്രട്ടേറിയറ്റ് ജീവനക്കാരനായ മകൻ സോണി (40) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിനുള്ളിൽനിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.ഗേറ്റും വീടും പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതിൽ പൊളിച്ച് നോക്കിയപ്പോൾ ഇരുവരെയും വീടിന്റെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എല്ലാ മുറികളിലെയും ഫർണിച്ചറുകൾ ഉൾപ്പെടെ കത്തിയമർന്നു. ചവറ, ശാസ്താംകോട്ട അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. തെക്കുംഭാഗം പൊലീസ് എത്തി മൃതദേഹങ്ങൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. പകുതി പെട്രോൾ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയിട്ടുണ്ട്.