വെഞ്ഞാറമൂട് പ്രവാസിയുടെ വീട്ടുമുറ്റത്തെ കാറുകൾ കത്തിച്ച സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ

കൊല്ലം: വെഞ്ഞാറമൂട് പ്രവാസിയുടെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച പ്രതികൾ അറസ്റ്റിൽ. പ്രവാസിയായ മുരുകൻ എന്നയാളിന്റെ കാറുകളാണ് കത്തിച്ചത്. സംഭവത്തിൽ  അനിൽ കുമാർ, രാജ് കുമാർ എന്നിവരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. അനിലും മുരുകനുമായി വിദേശത്തു വച്ചുണ്ടായ തർക്കമാണ് വാഹനം കത്തിക്കാൻ കാരണമെന്ന് പൊലീസ്.കഴിഞ്ഞദിവസമാണ് വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ മുരുകവിലാസത്തിൽ മുരുകന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. കൈയ്യിൽ ഇന്ധന കുപ്പിയുമായി എത്തിയ ആൾ കാറുകളുടെ മുകളിലേക്ക് ഇന്ധനമൊഴിച്ച് തീയിട്ട ശേഷം ഓടി മറയുന്നത് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്.പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. കാറുകൾ ഭാഗികമായി കത്തി നശിച്ചു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.