തൊടുപുഴ • ഇടുക്കി ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ ബൈസൺവാലി പഞ്ചായത്തിലെ കാക്കാകടയ്ക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് നവവരൻ മരിച്ചു. ഫോർട്ട്കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്റ്റെൻ വിൽഫ്രഡ് (35) ആണ് മരിച്ചത്. ഭാര്യ മേരി സഞ്ജുവിന് (28) ഗുരുതരമായി പരുക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.അടുത്തിടെ വിവാഹിതരായ ദമ്പതികൾ മൂന്നാറിലേക്ക് പോയ ശേഷം, ഗ്യാപ് റോഡ്–കാക്കാകട ബൈസൺവാലി വഴി തിരികെ വരികയായിരുന്നു. ഗ്യാപ് റോഡിൽനിന്നും ഇറക്കം ഇറങ്ങി കാക്കാകടയിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സെൻസ്റ്റെൻ ആശുപത്രിയിൽ വച്ച് മരിച്ചു.മേരി സഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സെൻസ്റ്റെനിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു മാസത്തിനിടെ ഗ്യാപ്–കാക്കാകട റോഡിൽ ബൈക്ക് അപകടത്തെ തുടർന്നുള്ള രണ്ടാമത്തെ മരണമാണിത്. ഫെബ്രുവരി 14ന് പെരുമണ്ണൂർ സ്വദേശി ഡിയോൺ (22) മരിച്ചിരുന്നു. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞായിരുന്നു അപകടം.