തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികള്‍ക്കും മദ്ധ്യവേനല്‍ അവധിക്കാലത്തേക്ക് 5 കിലോഗ്രാം അരി വീതം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് മാസം ഇരുപതാം തീയതി മുതല്‍ അരി വിതരണം ആരംഭിക്കുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ ഓഡിറ്റ് നടത്തുന്നതിനായി വിവിധ ഏജന്‍സികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിക്കുകയും അതില്‍ നിന്ന് കില-യെ തെരഞ്ഞെടുക്കുകയും ചെയ്തു. ഓരോ ജില്ലയില്‍ നിന്നും 20 സ്‌കൂളുകള്‍ വീതം സംസ്ഥാനത്തെ 14 ജില്ലകളിലായി 280 സ്‌കൂളുകള്‍ തെരഞ്ഞെടുത്താണ് സോഷ്യല്‍ ഓഡിറ്റ് നടത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തീരപ്രദേശം, മലമ്പ്രദേശം, ട്രൈബല്‍ ഏരിയ തുടങ്ങിയ മേഖലകളിലുള്ള സ്‌കൂളുകളും ഉള്‍പ്പടുന്നു. ഓഡിറ്റ്, സ്‌കൂള്‍ സഭ, പബ്ലിക് ഹിയറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് സോഷ്യല്‍ ഓഡിറ്റ് നടത്തപ്പെടുന്നത്. കിലയുടെ ആര്‍.പി മാര്‍ സ്‌കൂളുകളില്‍ എത്തി ഗുണഭോക്താക്കളായ കുട്ടികളുടെ രക്ഷിതാക്കളെ തെരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കി, ഈ രക്ഷിതാക്കള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും ഭൗതിക സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സ്‌കൂള്‍ സഭകളില്‍ അവതരിപ്പിച്ച് പാസാക്കുന്ന രീതിയിലാണ് ഇത് നടപ്പാക്കുന്നത്.
ഓഡിറ്റ് നടന്ന 5 സ്‌കൂളുകള്‍ ഒരു ക്ലസ്റ്ററായി തിരിച്ച് ഒരു ക്ലസ്റ്ററിന് ഒരു പബ്ലിക് ഹിയറിംഗ് എന്ന രീതിയില്‍ പബ്ലിക് മീറ്റിംഗുകള്‍ നടത്തുന്നു. ഈ മീറ്റിംഗുകളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ എംഎല്‍എ മാര്‍ വരെയുള്ള ജന പ്രതിനിധികളും, ആരോഗ്യം, കൃഷി, സപ്ലൈക്കോ, എഫ്.സി.ഐ, ഫുഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പിലെ പ്രതിനിധികളും പങ്കെടുക്കുകയും പബ്ലിക് ഹിയറിംഗില്‍ ഉയര്‍ന്നു വന്ന ഉച്ചഭക്ഷണ സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു.
ഇതിലൂടെ സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെ പറ്റി രക്ഷിതാക്കള്‍ക്കും പൊതു ജനങ്ങള്‍ക്കും മെച്ചപ്പെട്ട അറിവു ലഭിക്കുകയും തങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കേണ്ട അളവിലും ഗുണത്തിലും ഈ പദ്ധതിയുടെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടുകയും ചെയ്യുന്നു. 2023 ജനുവരി 23 മുതല്‍ ആരംഭിച്ച സോഷ്യല്‍ ഓഡിറ്റ് 12 ജില്ലകളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാര്‍ച്ച് പത്തോടെ ഈ വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള തീവ്രശ്രമം പൊതുവിദ്യാഭ്യാസ വകുപ്പും കിലയും ചേര്‍ന്ന് നടത്തി വരുന്നതായും മന്ത്രി പറഞ്ഞു.