തിരുവനന്തപുരം: ദേവാലയത്തിൽ പ്രാർഥനക്കെത്തിയ നേഴ്സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ വൈദികനെതിരെ സൈബർ ക്രൈം പൊലീസ് കേസെടുത്തു. കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശി ബെനഡിക്ട് ആന്റോ (29)ക്കെതിരെയാണ് നടപടി. നിലവിൽ തക്കല പ്ലാങ്കാലവിളയിൽ വൈദികനാണ് ബെനഡിക്ട് ആന്റോ. പേച്ചിപ്പാറയിൽ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം എന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ വൈദികനും ഏതാനും സ്ത്രീകളും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് വൈദികൻ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്ന് നേഴ്സിങ് വിദ്യാർഥിനി നാഗർകോവിൽ എസ്.പി ഓഫിസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം വൈദികന്റെ വീട്ടിലെത്തി ഒരു സംഘം യുവാക്കൾ ആക്രമണം നടത്തിയതായി പൊലീസ് പറയുന്നു. വൈദികന്റെ പേഴ്സണല്‍ ലാപ്ടോപ്പും മൊബൈല്‍ഫോണും ഇവർ കൊണ്ട് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദികൻ നൽകിയ പരാതിയില്‍ പൊലീസ് നിയമ വിദ്യാർഥിയായ യുവാവിനെ പിടികൂടിയിരുന്നു. യുവാവിൻ്റെ സഹപാഠിക്ക് ബെനഡിക്ട് ആന്റോ രാത്രിയില്‍ സ്ഥിരമായി അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു എന്നും ഇതിന് താക്കീത് നൽകാനാണ് യുവാവും സുഹൃത്തുകളും വൈദികൻ്റെ വീട്ടില്‍ എത്തിയതെന്നും പറയുന്നു. ഇയാളുടെ പക്കലുള്ള ചിത്രങ്ങൾ കാട്ടി യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവാക്കൾക്ക് വിവരം ലഭിച്ചിരുന്നു. അതിനാണ് യുവാക്കൾ വൈദികൻ്റെ ലാപ്ടോപ്പും മൊബൈലും കൊണ്ടുപോയതെന്ന് പറയുന്നു. വൈദികനെതിരെയുള്ള തെളിവുകൾ ഇവർ പൊലീസിന് കൈമാറിയിട്ടുണ്ട്. വൈദികനെതിരെ വേറെയും പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക പൊലീസ് വിഭാഗത്തെ ചുമതലപ്പെടുത്തി.