പാഞ്ഞെത്തിയ ദുരന്തം കൺമുന്നിൽ; പെൺകുട്ടിക്ക് ദാരുണാന്ത്യം, ഭീതി മാറാതെ കുട്ടികൾ

കല്ലമ്പലം•ബസ് സ്റ്റോപ്പിൽ അപ്രതീക്ഷിതമായി കാർ ഇടിച്ചു കയറിയുണ്ടായ ദുരന്തത്തിന്റെ നടുക്കം മാറാതെ വിദ്യാർഥികളും നാട്ടുകാരും. ദേശീയപാതയിൽ പൊലീസ് സ്റ്റേഷന് സമീപം ആഴാംകോണത്ത് കഴിഞ്ഞ ദിവസം 3.30ന് ആണ് കൊല്ലം ഭാഗത്ത് നിന്ന് നിയന്ത്രണം വിട്ടെത്തിയ കാർ ആറ്റിങ്ങൽ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്. സ്റ്റോപ്പിൽ സ്വകാര്യ ബസ് നിർത്തിയിട്ട് ആളെ കയറ്റുകയായിരുന്നു ഈ സമയം.കൊല്ലം ഭാഗത്ത് നിന്ന് വന്ന കാർ ബസിന്റെ ഇടത് വശത്ത് ഇടിച്ച ശേഷം ആൾ കയറുന്ന ഭാഗത്തേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറി. കൂട്ട നിലവിളി ഉയർന്നതോടെ നാട്ടുകാർ ഓടിക്കൂടി. പരുക്ക് പറ്റിയവർ എല്ലാം കെടിസിടി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികളാണ്. കാർ ഇടിച്ച ശേഷം സമീപത്തെ മൈൽ കുറ്റിയിൽ ഇടിച്ചു നിന്നു. ഉടൻ തന്നെ നാട്ടുകാരും മറ്റ് വിദ്യാർഥികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.ഉടൻ പൊലീസ് എത്തി രക്ഷാനടപടികൾ ആരംഭിച്ചു.

വിദ്യാർഥികൾക്കിടയിലേക്കു കാർ പാഞ്ഞു കയറി; പെൺകുട്ടിക്ക് ദാരുണാന്ത്യം

കല്ലമ്പലം (തിരുവനന്തപുരം) • ദേശീയപാതയിൽ ആറ്റിങ്ങലിനും കല്ലമ്പലത്തിനും മധ്യേ ആയാംകോണം ജംക്‌ഷനിൽ ബസിലേക്കു കയറുന്നതിനിടെ വിദ്യാർഥി കാറിടിച്ചു മരിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന 17 വിദ്യാർഥികൾക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരം. ആയാംകോണത്തിനു സമീപം കെടിസിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ എംഎ ഒന്നാം വർഷ വിദ്യാർഥിയായ ആറ്റിങ്ങൽ കോരാണി മാമം ശ്രീ സരസ്സിൽ റിട്ട. ലേബർ ഓഫിസർ വിജയകുമാറിന്റെയും മഞ്ചുവിന്റെയും മകൾ ശ്രേഷ്ഠ എം.വിജയ് (22) ആണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ചാത്തൻപാറ കല്ലമ്പള്ളി വീട്ടിൽ സഫിൻഷ (20), കോരാണി ഇടയ്ക്കോട് ആസിയ മൻസിലിൽ ആസിയ(21)എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടു 3.30നാണു സംഭവം. കോളജിൽ നിന്നെത്തിയ വിദ്യാർഥികൾ ബസ് സ്റ്റോപ്പിൽ എത്തിയ ബസിൽ കയറാൻ ക്യൂ നിൽക്കുകയായിരുന്നു. അപ്പോഴാണു കൊല്ലം ഭാഗത്തുനിന്നു വന്ന കാർ വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറിയത്. കാർ ഓടിച്ചിരുന്ന കൊല്ലം അഞ്ചാലുംമൂട് ആയില്യത്തിൽ ബിജുവിനെ (44) പൊലീസ് കസ്റ്റഡിയി‍ൽ എടുത്തു. ഇയാൾക്കു പരുക്കില്ല. ബിസിനസ് ആവശ്യത്തിനായി തിരുവനന്തപുരത്തേക്കു പോകുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി. ബിജു ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു. ശ്രേഷ്ഠയുടെ സഹോദരി: തേജസ്.

2 പേരുടെ പരുക്ക് ഗുരുതരം

കല്ലമ്പലം• വിദ്യാർഥികളുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഗുരുതര പരുക്കേറ്റ ചാത്തൻപാറ കല്ലമ്പള്ളി വീട്ടിൽ സഫിൻഷ(20), കോരാണി ഇടക്കോട് ആസിയ മൻസിലിൽ ആസിയ(21)എന്നിവർ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ബാക്കി പരുക്കേറ്റവർ:പുന്നോട് ഷെരീഫ് മൻസിലിൽ ഫഹദ്(19),കാട്ടുചന്ത പുത്തൻവീട് പൊയ്കവിളയിൽ ആയിഷ നാസർ(19),പെരുമാതുറ വലിയവിളാകം വീട്ടിൽ ആമിന(18),വഞ്ചിയൂർ അരുണോദയത്തിൽ അരുണിമ(19),നിയക്കാമുക്ക് മണിമുത്ത് മന്ദിരത്തിൽ വീണ(20),ചാത്തന്നൂർ ശീമാട്ടി മഞ്ജു വിഹാറിൽ പ്രിൻസ്(20),നിലമേൽ വാഴോട് കൊപ്പത്തിൽ ഹൗസിൽ നിഹാൽ(21),മുടപുരം തെന്നൂർകോണം പുന്നവിള കോളനിയിൽ ആതിര(18),കഠിനംകുളം അനുഗ്രഹയിൽ ആദിത്യൻ(18)കോരാണി മാമം അരവിന്ദത്തിൽ ഗംഗ(21),വക്കം വട്ടവിളവീട്ടിൽ ആദിത്(19),മാമം കിഴുവിലം പുതുവൽവിള വീട്ടിൽ സുമിന(22)പെരുംകുളം വിളക്കുടി വിള വീട്ടിൽ അൽഫിയ(21),പെരുങ്കുഴി പുതിയറ വീട്ടിൽ സൂര്യമുരളി(19),പെരുങ്കുഴി ചന്ദ്രബാബു വിലാസത്തിൽ അരുണിമ(19).