ഗ്യാസ് ഏജന്‍സിയില്‍ നിന്ന്​ അഞ്ച്​ കിലോമീറ്റര്‍ ചുറ്റളവില്‍ വിതരണം സൗജന്യം: മന്ത്രി ജി.ആര്‍. അനില്‍

അ‍ഞ്ച് കിലോമീറ്ററിന് മുകളിലുള്ള നിരക്കുകൾ ഓരോ ജില്ലകളിലും വ്യത്യാസപ്പെടാം

തിരുവനന്തപുരം: ഗ്യാസ് ഏജന്‍സിയില്‍ നിന്ന്​ അഞ്ച്​ കിലോമീറ്റര്‍ ചുറ്റളവില്‍ ഗ്യാസ് വിതരണം ചെയ്യുന്നത് സൗജന്യമായെന്ന് ജിആർ അനിൽ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അ‍ഞ്ച് കിലോമീറ്ററിന് മുകളിലുള്ള നിരക്കുകൾ ഓരോ ജില്ലകളിലും വ്യത്യാസപ്പെടാമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളുടെയും ഡെലിവറി ചാര്‍ജ് എത്രയാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്. അധിക ഡെലിവറി ചാര്‍ജ് ഈടാക്കുന്നതിനെതിരെ ഓരോ ജില്ലയിലും പരാതി നല്‍കാം. കലക്ടര്‍, സിവില്‍ സപ്ലൈസ് കമീഷണര്‍, ജില്ല സപ്ലൈ ഓഫിസര്‍, താലൂക്ക് സപ്ലൈസ് ഓഫിസര്‍ക്ക് പരാതി നൽകാം.
കൂടാതെ, തദ്ദേശസ്വയംഭരണ വകുപ്പ് ലഭ്യമാക്കിയ അതിദരിദ്രരുടെ പട്ടികയിലുൾപ്പെട്ട 7316 പേരിൽ 4888 പേർ ആധാറില്ലാത്തവരാണ്. ഇവർക്ക് ആധാർ നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ കലക്ടർമാർക്കും ആധാറുള്ളവർക്ക് റേഷൻ കാർഡ് നൽകുന്നതിന് ജില്ല സപ്ലൈ ഓഫിസർമാർക്കും നിർദേശം നൽകി. പട്ടികയിലുൾപ്പെട്ട 1474 പേർക്ക് മാത്രമാണ് റേഷൻ കാർഡ് ഉണ്ടായിരുന്നത്. 3324 പേർക്കുകൂടി പുതുതായി കാർഡ് അനുവദിച്ചെന്നും മന്ത്രി വ്യക്തമാക്കി.