ദുബൈ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ആദ്യ സെല്‍ഫി പങ്കുവെച്ച് യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നിയാദി.
കഴിഞ്ഞ വെള്ളിയാഴ്ച ബഹിരാകാശ നിലയത്തില്‍ ഇറങ്ങിയശേഷം ആദ്യമായാണ് അദ്ദേഹം ട്വിറ്ററില്‍ ഫോട്ടോ പങ്കുവെക്കുന്നത്. 'ബഹിരാകാശത്തുനിന്ന് ഭൂമിയിലുള്ളവര്‍ക്ക് സലാം..' എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ട്വീറ്റ്. ജന്മനാടിനെയും ഭരണാധികാരികളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു എന്നും പറയുന്നു.
സായിദിന്‍റെ സ്വപ്നങ്ങളെ നെഞ്ചേറ്റി ഉന്നതങ്ങളിലേക്ക് പറന്നുയരാന്‍ കൊതിക്കുന്ന ഓരോരുത്തര്‍ക്കും അഭിവാദ്യം. സ്വപ്നം യാഥാര്‍ഥ്യമായിരിക്കുകയാണിപ്പോള്‍. നമുക്കിനി വലിയ സ്വപ്നങ്ങള്‍ കാണാം -ട്വീറ്റില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമിയുടെ പശ്ചാത്തലത്തില്‍ മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്‍റെ പേര് പതിച്ച ടീ ഷര്‍ട്ട് ധരിച്ചാണ് സെല്‍ഫി എടുത്തിട്ടുള്ളത്.
അല്‍ നിയാദി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായി കഴിഞ്ഞദിവസം തത്സമയം സംസാരിച്ചിരുന്നു. നാസ' ടി.വി തത്സമയം സംപ്രേഷണം ചെയ്ത സംഭാഷണം പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ നിലയത്തില്‍ വെച്ചാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച യു.എസിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്ന് സ്പേസ് എക്സ് റോക്കറ്റില്‍ പറന്നുയര്‍ന്ന അല്‍ നിയാദി വെള്ളിയാഴ്ചയാണ് ബഹിരാകാശ നിലയത്തിലെത്തിയത്. ഇതിനുശേഷം ആദ്യമായാണ് അദ്ദേഹം ഭൂമിയിലുള്ള ഒരാളുമായി സംസാരിക്കുന്നത്.