തിരുവനന്തപുരം: പീഡനക്കേസിലെ പ്രതി തിരുവനന്തപുരം വട്ടപ്പാറ പൊലീസിന്‍റെ പിടിയിലായി. 45 കാരിയായ വീട്ടമ്മയെ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ വച്ച് പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും കാറും തട്ടിയെടുത്തെന്ന കേസിലാണ് പ്രതിയായ അൻസർ എന്ന യുവാവിനെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് പ്രതി 12 ലക്ഷം രൂപയും 19 പവൻ സ്വര്‍ണവും കാറും തട്ടിയെടുത്തെന്നാണ് പരാതി. ടെക്നോപാര്‍ക്കിലെ ഡ്രൈവറാണ് പ്രതിയായ അൻസർ. കേസിൽ അറസ്റ്റിലായ അൻസറിനെ റിമാൻഡ് ചെയ്തു.തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ സ്ഥാപനം നടത്തുകയായിരുന്ന 45 കാരിയെ മൂന്നുവര്‍ഷം മുമ്പാണ് തേക്കട കന്യാകുളങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന അൻസര്‍ പരിചയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവരുമായി അൻസർ പരിചയം സ്ഥാപിച്ചത്. പിന്നീട് പതിയെ ഇവരുമായി കൂടുതൽ അടുപ്പം സ്ഥാപിക്കുകയായിരുന്നു പ്രതി. ഇവരുടെ സ്ഥാപനത്തിലെത്തി സൗഹൃദം കൂടുതൽ ഉറപ്പാക്കിയ ശേഷമായിരുന്നു പ്രതി പീഡനവും ഭീഷണിപ്പെടുത്തി പണം തട്ടലും നടത്തിയത്. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ എത്തിച്ച് അൻസർ പീഡിപ്പിച്ചെന്നാണ് ഇവർ പരാതി നൽകിയത്. ഇവരുടെ നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്നും ഭര്‍ത്താവിനെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പണവും സ്വർണവും കാറും തട്ടിയെടുത്തത്.നഗ്നഫോട്ടോ വച്ചുള്ള ഭീഷണിപ്പെടുത്തലിലൂടെ 12 ലക്ഷം രൂപയും 19 പവൻ സ്വര്‍ണാഭരണങ്ങളും ഇവരുടെ പേരിൽ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ കാറുമാണ് പ്രതി തട്ടിയെടുത്തത്. ലോൺ അടയ്ക്കാതെ മുങ്ങിയ അൻസറിനെ കന്യാകുളങ്ങരയിൽ നിന്നാണ് വട്ടപ്പാറ പൊലീസ് പിടികൂടിയത്. വിവാഹിതനായ പ്രതി സമാനരീതിയിൽ നിരവധി സ്ത്രീകളെ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന വിവരവും പൊലീസിന് കിട്ടി. അതുകൊണ്ടുതന്നെ കൂടുതൽ അന്വേഷണം ഉണ്ടാകും.