സർക്കാർ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ ഫൈൻ; കുടുംബശ്രീ പ്രവർത്തകർക്ക് ഭീഷണിയുമായി വാർഡ് മെമ്പർ

സർക്കാർ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ പ്രവർത്തകർക്ക് ഭീഷണിയുമായി വാർഡ്‌മെമ്പർ. മന്ത്രിമാർ പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടന ചടങ്ങിന് കുടുംബശ്രീയിലെ പ്രവർത്തകർ എത്തിയില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന് കുടുംബശ്രീ വാട്സ്ആപ്പ് ഗ്രൂപ്പിൽ വാർഡ് മെമ്പർ സന്ദേശം അയച്ചതാണ് ചർച്ചയായത്.തിരുവനന്തപുരം ആനാട് പഞ്ചായത്തിലെ വാർഡ് മെമ്പർ ഷീജയാണ് ഭീഷണി സന്ദേശം അയച്ചത്. സിപിഐയുട പ്രാദേശിക നേതാവാണ് ഷീജ. കുടുംബശ്രീ യോഗങ്ങൾ മാറ്റിവെച്ച് ചടങ്ങിന് എത്തണമെന്നും ഇല്ലെങ്കിൽ 100 രൂപ ഫൈൻ ഈടാക്കുമെന്നും സന്ദേശം. മാർച്ച് 12 ഞായറാഴ്ചയാണ് മന്ത്രിമാരായ മുഹമ്മദ് റിയാസും ജി. ആർ അനിലും പങ്കെടുക്കുന്ന പാലം ഉദ്ഘാടന ചടങ്ങ്.നമ്മുടെ വാർഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. അതിനാൽ, വരുന്ന ഞായറാഴ്ച ഒരിടത്തും കുടുംബശ്രീ യോഗങ്ങൾ ചേരേണ്ടതില്ല. എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ യോഗങ്ങൾ ശനിയാഴ്ച ചേരണമെന്നും കുടുംബ ശ്രീ ഗ്രൂപ്പിലേക്ക് അയച്ച വോയിസ് കുറിപ്പിൽ വാർഡ് മെമ്പർ വ്യക്തമാക്കുന്നു. എല്ലാ കുടുംബശ്രീയിൽ നിന്നും എല്ലാ അംഗങ്ങളും നിർബന്ധമായും ഉദ്‌ഘാടനത്തിന് ഒരു മണിക്കൂർ എത്തിച്ചേരണം. വരാത്തവരിൽ നിന്ന് നൂറ് രൂപ വെച്ച ഫൈൻ ഈടാക്കുമെന്നും ഷീജ വ്യക്തമാക്കുന്നു.