ആട് ആന്റണി കുത്തിപ്പരുക്കേൽപിച്ച റിട്ട. എസ്ഐ അന്തരിച്ചു

പാരിപ്പള്ളി • കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുത്തിപ്പരുക്കേൽപിച്ച റിട്ട. എസ്ഐ പൂയപ്പള്ളി ചെങ്കുളം പനവിള വീട്ടിൽ കെ. ജോയി (62) അന്തരിച്ചു. കുത്തേറ്റതിനെത്തുടർന്ന് ദീർഘനാൾ ചികിത്സ കഴിഞ്ഞ് സർവീസിൽ തിരികെക്കയറിയ ജോയി 2016 ൽ പാരിപ്പള്ളി സ്റ്റേഷനിൽ നിന്നാണു വിരമിച്ചത്.2012 ജൂൺ 26ന് ആയിരുന്നു പാരിപ്പളളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജവഹർ ജംക്‌ഷനിൽ വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ കുണ്ടറ പടപ്പക്കര സ്വദേശിയായ ആട് ആന്റണി ആക്രമിച്ചത്. കുത്തേറ്റ് പൊലീസ് ഡ്രൈവർ പൂയപ്പള്ളി മീയണ്ണൂർ കൈതപ്പുരക്കൽ വീട്ടിൽ മണിയൻപിള്ള കൊല്ലപ്പെട്ടിരുന്നു. അന്നു ഗ്രേഡ് എസ്ഐ ആയിരുന്ന ജോയി വാനിൽ മോഷണ സാധനങ്ങളുമായി വന്ന ആന്റണിയെ കണ്ട് സംശയം തോന്നി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടു പോകുന്നതിനിടെ ആന്റണി കത്തി ഉപയോഗിച്ചു മണിയൻപിള്ളയെ കുത്തുകയായിരുന്നു.തടസ്സം പിടിക്കാൻ ശ്രമിച്ച ജോയിയെയും വയറ്റിൽ കുത്തിയ ശേഷം ആന്റണി പൊലീസ് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിയൻപിള്ള മരിച്ചു. 3 വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ 2015 ഒക്ടോബർ 13ന് പാലക്കാട് ഗോപാലപുരത്തു നിന്ന് പ്രത്യേക അന്വേഷണസംഘമാണ് ആട് ആന്റണിയെ പിടികൂടിയത്. കോടതി ശിക്ഷിച്ച ഇയാൾ ഇപ്പോൾ ജയിൽവാസത്തിലാണ്.ജോയിയുടെ ഭാര്യ: മേരിക്കുട്ടി. മക്കൾ: ജോബിൻ കെ. ജോയി (മാനേജർ ഐഒബി, വടശ്ശേരിക്കോണം, കല്ലമ്പലം), ജിജി കെ.ജോയി (ആർ ആർഡി ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: റിമ എസ്തേർ ജേക്കബ് പണിക്കർ (സൗത്ത് ഇന്ത്യൻ ബാങ്ക്, കണ്ണനെല്ലൂർ), ഫാ. തോമസ് പുന്നൂസ് (അസി.വികാരി‍ മാർ യാക്കോബ് ബർദാന ഓർത്തഡോക്സ് ചർച്ച് കരുവാറ്റ). സംസ്കാരം ഇന്ന് 2ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം കട്ടച്ചൽ മാർ ബർസൗമ ഓർത്തഡോക്സ് പള്ളിയിൽ.