‘എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ട്’; ഖുശ്ബുവിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ്

രാ​ഹുൽ​ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കിയതിന് പിന്നാലെ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു. രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് സമാനമായ പരാമർശം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റാണ് കോൺ​ഗ്രസ് നേതാക്കളുൾപ്പെടെ പങ്കുവെച്ചിട്ടുള്ളത്. ‘എല്ലാ കള്ളന്മാർക്കും എങ്ങനെ പൊതുവായ മോദി എന്ന പേരു വന്നു’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 2019ലെ ഈ പരാമർശത്തിന്റെ പേരിലാണ് രാഹുലിന് സൂറത്ത് കോടതി ശിക്ഷ വിധിച്ചത്.2018ൽ ഖുശ്ബു കോൺ​ഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമർശനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ ട്വീറ്റ്. നിരവധി പേരാണ് ഖുശ്ബുവിന്റെ പോസ്റ്റ് ഷെയർ ചെയ്യുന്നത്. ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അം​ഗവുമായ ഖുശ്ബുവിനെതിരെ ഇതിന്റെ പേരിൽ കേസെടുക്കാൻ ​ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറാണോ എന്നും കോൺ​ഗ്രസ് നേതാക്കൾ ചോദിക്കുന്നുണ്ട്.അതേസമയം രാ​ഹുൽ​ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. നിരവധി നേതാക്കളാണ് രാഹുലിന് പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്താനിരിക്കുകയാണ്. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്തിരിക്കുന്നത്.