തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓണത്തിന് ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ഗേറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്നും മന്ത്രി അറിയിച്ചു. ഗേറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ഏപ്രിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആകെ 2241 മീറ്റർ നീളം വരുന്ന പുലിമുട്ടിന്‍റെ 2235 മീറ്റർ നിർമാണം പൂർത്തീകരിച്ചു. തുറമുഖത്തിന്‍റെ നിർമാണ പ്രവൃത്തി പ്രതീക്ഷിച്ച വേഗതയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്. തുറമുഖ നിർമാണ കമ്പനിയുമായുള്ള കരാർ പ്രകാരം പുലിമുട്ട് നിർമാണത്തിന്‍റെ 30 ശതമാനം പൂർത്തിയായാൽ തുകയുടെ 25 ശതമാനം ആയ 346 കോടി രൂപ കൈമാറണം. ഈ തുക മാർച്ചിൽ തന്നെ കൈമാറും. മുഖ്യമന്ത്രിയുമായും സംസ്ഥാന സഹകരണ മന്ത്രിയുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി സഹകരണ വകുപ്പിൽ നിന്ന് ആവും തുക ലഭ്യമാക്കുകയെന്ന് മന്ത്രി ദേവർകോവിൽ വ്യക്തമാക്കി