'ആശുപത്രി വിട്ടു, ഇനി ഫിസിയോതെറാപ്പി': ബെല്‍സ് പാള്‍സിയെ അതിജീവിച്ച് മിഥുന്‍ രമേശ്

തിരുവനന്തപുരം: ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രി വിട്ടു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മിഥുന്‍ ഇക്കാര്യം അറിയിച്ചത്."ഇന്ന് ഡിസ്ചാര്‍ജ് ആണ്. ഇനി കുറച്ചു ദിവസം തിരുവനന്തപുരത്ത് ഫിസിയോതെറാപ്പി ചെയ്യണം. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും ആശംസകള്‍ക്കും പിന്തുണയ്ക്കും നന്ദി"- എന്നാണ് മിഥുന്‍ സ്റ്റോറിയില്‍ പറഞ്ഞത്.ബെല്‍സ് പാള്‍സി ബാധിച്ച കാര്യം മിഥുന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിരിക്കുമ്പോള്‍ മുഖത്തിന്റെ ഒരു വശം അനക്കാൻ കഴിയുന്നില്ലെന്നും കണ്ണുകളിലൊന്ന് അടയ്ക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.''കാണുമ്പോൾ നിങ്ങൾക്ക് മനസിലാവുന്നുണ്ടോ എന്നറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിനൊക്കെ വന്ന അസുഖമാണിത്. ചിരിക്കുമ്പോൾ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ല. ഒരു കണ്ണ് താനേ അടയുന്നു. മറ്റേ കണ്ണ് ഫോഴ്‌സ് ചെയ്താലേ അടക്കാൻ കഴിയൂ. മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്''- എന്നാണ് മിഥുൻ പറഞ്ഞത്. നേരത്തെ നടൻ മനോജ് കുമാറിനും സമാന അസുഖം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലൂടെ അസുഖം ഭേദമായി.