വ്യാഴാഴ്ച രാത്രിയോടെയാണ് കഠിനംകുളം ചാന്നാങ്കര അനകപിള്ള സ്വദേശിനിയായ 25 -.കാരിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടർ വിദഗ്‌ധ ചികിത്സയ്ക്ക് എസ് എടി ആശുപത്രിയിലേക്ക് മാറ്റാൻ നിര്‍ദേശിച്ചു. ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് വിഷു ജി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിഷ്ണു യുപി എന്നിവർ ആശുപത്രിയിൽ എത്തി യുവതിയുമായി എസ് എ ടി ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് കണിയാപുരം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യ നില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിഷ്ണുവിന്റെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി വിഷ്ണു ഇരുവർക്കും വേണ്ട പ്രഥമശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് വിഷ്ണു ജി ഇരുവരെയും എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.