സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷക്ക് വ്യാഴാഴ്ച തുടക്കമാകും. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ വെള്ളിയാഴ്ച തുടങ്ങും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. മാർച്ച് 29ന് അവസാനിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ ഇത്തവണ 4,19,362 വിദ്യാർഥികളാണുള്ളത്. പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളുകളിൽ 1,40,703 പേരും എയ്ഡഡ് സ്കൂളുകളിൽ 2,51,567 പേരുമാണ് പരീക്ഷയെഴുതുന്നത്. 27,092 പേർ അൺഎയ്ഡഡ് സ്കൂളുകളിലും പരീക്ഷക്കിരിക്കും.
2,960 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഗൾഫ് മേഖലയിൽ 518 പേരും ലക്ഷദ്വീപിൽ 289 വിദ്യാർഥികളും പരീക്ഷയെഴുതും. എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നുമുതൽ 26 വരെ നടക്കും.
മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ അഞ്ചുമുതൽ പരീക്ഷ ഭവനിൽ ആരംഭിക്കും. മേയ് രണ്ടാം വാരത്തിൽ ഫലം പ്രഖ്യാപിക്കും.
4,25,361 വിദ്യാർഥികൾ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയും 4,42,067 പേർ രണ്ടാം വർഷ പരീക്ഷയും എഴുതും. മാർച്ച് 30നാണ് ഹയർസെക്കൻഡറി പരീക്ഷ പൂർത്തിയാകുക. 80 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നുമുതൽ മേയ്
ആദ്യവാരംവരെ മൂല്യനിർണയം നടക്കും.