ഗ്രീൻഫീൽഡ്: അലൈൻമെന്റ് മാറിയേക്കും, കടന്നുപോകുന്ന സ്ഥലങ്ങൾ ഇവയൊക്കെ...

പത്തനംതിട്ട • എംസി റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിർമിക്കുന്ന തിരുവനന്തപുരം-അങ്കമാലി നാലുവരി ഗ്രീൻഫീൽഡ് പാതയുടെ ജില്ലയിലെ അലൈൻമെന്റിൽ ചെറിയ മാറ്റം വന്നേക്കും.കലഞ്ഞൂർ, മന്ദമരുതി ടൗണുകളെ ബാധിക്കാത്ത വിധത്തിൽ അലൈൻമെന്റ് മാറ്റണമെന്ന ആന്റോ ആന്റണി എംപിയുടെ നിർദേശ പ്രകാരം കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ വിളിച്ചു ചേർത്ത ഉന്നതതല യോഗം ഇക്കാര്യം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനിച്ചു.കിളിമാനൂർ പുളിമാത്തുനിന്നു തുടങ്ങുന്ന പാത 6 ജില്ലകളിലെ 13 താലൂക്കിലൂടെയാണ് കടന്നുപോകുന്നത്. ആകെ ദൂരം 257 കിലോമീറ്റർ. 26 മീറ്റർ വീതി. ഭോപ്പാൽ ആസ്ഥാനമായ ഏജൻസി ആകാശ സർവേ നടത്തി റൂട്ട് മാപ്പും സർവേയും മാപ്പും തയാറാക്കിയത്.

കടന്നുപോകുന്ന സ്ഥലങ്ങൾ
കോന്നി മേഖല: പത്തനാപുരം മാർ ലാസറസ് ഓർത്തഡോക്സ് ചർച്ച് വഴി കല്ലുംകടവ് വലിയതോടിന്റെ വശത്തുകൂടി, ഇടത്തറ ജംക്‌ഷനിലാണു ജില്ലയിൽ‌ പ്രവേശിക്കുന്നത്. ഇടത്തറ സെന്റ് ജോ‍ർജ് മലങ്കര പള്ളിക്കു സമീപത്തു കൂടി പുനലൂർ-മൂവാറ്റുപുഴ പാതയിൽ പ്രവേശിച്ചാണു കലഞ്ഞൂർ ടൗണിൽ എത്തുന്നത്.
ഇഞ്ചപ്പാറ, കൂടൽ, മുറിഞ്ഞകൽ വഴി കൊല്ലംപടിക്കു സമീപം വരെ നിലവിലെ റോഡാണ് വികസിപ്പിക്കുന്നത്. കൊല്ലംപടി നിന്നു കല്ലേലി, പയ്യനാമൺ, കൊന്നപ്പാറ, പെരിഞൊട്ടയ്ക്കൽ, ചെങ്ങറ തോട്ടം വഴി പുതുക്കുളം എത്തും. റാന്നി മേഖല: തലച്ചിറ നിന്നാണു റാന്നി മേഖലയിൽ പ്രവേശിക്കുന്നത്.തെക്കുംമല വഴി കുമ്പളാംപൊയ്ക എത്തി ശബരിമല പാതയിൽ പ്രവേശിക്കും. അവിടെനിന്നു മനോരമമുക്ക് വരെ നിലവിലെ പാതയിലുടെ എത്തും. വടശേരിക്കര ടൗണിൽ കയറാതെ പാലത്തിനു താഴെ കല്ലാറിന്റെ തീരത്തുകൂടി പമ്പാനദി കടന്ന് വടശേരിക്കര ഗവ. ന്യു യുപി സ്കൂളിനു സമീപത്ത് എത്തും.പിന്നെ പമ്പാ തീരത്തു കൂടി ചെറുകുളഞ്ഞി എത്തും. അവിടെനിന്ന് ഒഴുവൻപാറ റാന്നി ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസ്,കല്യാണിമുക്ക്, മുക്കാലുമൺ വഴി ചെത്തോങ്കര. പിന്നെ വയലിലൂടെ ചെല്ലക്കാട്. പിന്നെ മന്ദമരുതി, മക്കപ്പുഴവഴി പ്ലാച്ചേരി ജംക്‌ഷൻ വരെ പുനലൂർ-മൂവാറ്റുപുഴ റോഡിലൂടെയാണ് കടന്നു പോകുന്നത്.

മാറ്റം എങ്ങനെ?

•കലഞ്ഞൂരിൽ: പത്തനാപുരത്തു നിന്നു നിലവിലെ റോഡിനു സമാന്തരമായി വരുന്ന പാത ഇടത്തറയിൽ എത്തി പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ കലഞ്ഞൂർ ടൗണിൽ എത്തുന്നത് ഒഴിവാക്കി റബർ തോട്ടം, വയൽ എന്നിവ ഉള്ള ഭാഗങ്ങളിലൂടെ തിരിച്ചു വിടണം. ഈ ഭാഗത്ത് നിലവിലെ റോഡിൽ കയറ്റാൻ വളച്ചാണു നിർദിഷ്ട പാത വരുന്നത്. വളയ്ക്കാതെ നേരെ പോയാൽ കിലോമീറ്ററും ലാഭിക്കാം.
•മന്ദമരുതിയിൽ-റാന്നി ചെല്ലയ്ക്കാട് നിന്നു പുനലൂർ-മൂവാറ്റുപുഴ റോഡിൽ കയറി പ്ലാച്ചേരി വരെ നേരെ പോകുന്നത് ഒഴിവാക്കണം. ഒഴുവൻപാറ മുതൽ റൂട്ടിൽ മാറ്റം വരുത്തി കരികുളം വനം, റബർ തോട്ടം എന്നിവ ഉള്ള പ്രദേശങ്ങളിലൂടെ പ്ലാച്ചേരി എത്തുന്ന വിധത്തിൽ അലൈൻമെന്റ് മാറ്റണം.ഭോപ്പാൽ ഹൈവേ എൻജിനീയറിങ് കൺസൽറ്റന്റ് ആകാശ സർവേ നടത്തി തയാറാക്കിയ അലൈൻമെന്റ് ദേശീയപാത അതോറിറ്റിയുടെ അന്തിമ അനുമതി ലഭിക്കുന്നതിനു മുൻപ് മാറ്റങ്ങൾ അംഗീകരിക്കണം. ഭൂമിയേറ്റെടുക്കൽ കമ്മിറ്റി അലൈൻമെന്റ് അംഗീകരിച്ച് അന്തിമമായി 3 എ വിജ്ഞാപനം പുറത്തിറക്കിയാൽ പിന്നെ മാറ്റങ്ങൾ വരുത്താൻ പറ്റില്ല.എംസി റോഡിലെ ഗതാഗതക്കുരുക്ക് പരമാവധി കുറയ്ക്കാനാണു ദേശീയ പാത അതോറിറ്റിയുടെ തിരുവനന്തപുരം- അങ്കമാലി 4 വരി ഗ്രീൻഫീൽഡ് പാത നിർമിക്കുന്നത്. ഇതിലൂടെ വലിയ വികസനമാണ് വരുന്നത് എങ്കിലും പുനലൂർ- മൂവാറ്റുപുഴ പാത ഇതിന്റെ ഭാഗമാക്കിയതാണു കല‍ഞ്ഞൂർ, റാന്നി മന്ദമരുതി എന്നിവിടങ്ങളിൽ ജനങ്ങളെ ദോഷകരമായി ബാധിച്ചത്.

ആന്റോ ആന്റണി എംപി

പലയിടത്തും റോഡ് വളച്ചാണു പുനലൂർ- മൂവാറ്റുപുഴ പാതയിലേക്ക് കൊണ്ടുവന്നത്. ജനവാസ മേഖലയിലൂടെ അല്ലാതെ വയലും റബർ തോട്ടവും, വനഭൂമിയും ഉള്ള ഭാഗത്തുകൂടി റോഡ് നിർമിക്കുകയാണ് വേണ്ടത്.അതിനാലാണ് അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നു ആവശ്യപ്പെടുന്നത്.

ഉന്നതതല യോഗത്തിന്റെ ശുപാർശ 3 ദിവസത്തിനുള്ളിൽ ഡൽഹിയിൽ എത്തി ദേശീയപാത അതോറിറ്റിക്കു കൈമാറും. ദേശീയപാതയുമായി ബന്ധപ്പെട്ട ലോക്സഭ സമിതിയിലും വിഷയം ഉന്നയിക്കും