മെസഞ്ചറും ഫേസ്ബുക്കും ഇനിയൊന്നാകും ?

കൂട്ടുകാരെ കണ്ടെത്താനും ചാറ്റ് ചെയ്യാനും പരിചയക്കാരോടുള്ള ബന്ധം നിലനിർത്താനും ഒരുകാലത്ത് വ്യാപകമായി ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നു. ഫേസ്ബുക്കിന് ഉപയോക്താക്കൾ വർധിച്ച സമയത്താണ് ഫെയ്‌സ്ബുക്കിൽ ചാറ്റ് ചെയ്യുന്നതിനായി ഒരുക്കിയിരുന്ന മെസഞ്ചർ സംവിധാനത്തെ ഫെയ്‌സ്ബുക്ക് ആപ്പിൽ നിന്ന് വേർപെടുത്തി രണ്ട് പ്രത്യേക ആപ്പുകളാക്കി മാറ്റിയത്. 2014 ൽ ആണിത്. മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിനാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് സക്കർബർഗ് അന്ന് ഈ മാറ്റം അവതരിപ്പിച്ചത്. അങ്ങനെ അവർക്ക് മെസഞ്ചറിനെ ഒരു സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായി പ്രൊമോട്ട് ചെയ്യാൻ കഴിയുമെന്നായിരുന്നു സക്കർബർഗ് ചൂണ്ടിക്കാണിച്ചത്.. തീരുമാനം മികച്ച അനുഭവം നൽകുമെന്നായിരുന്നു വിലയിരുത്തൽ. കമ്പനിയുടെ നീക്കത്തിൽ പലരും അതൃപ്തരായെങ്കിലും ഒടുവിൽ എല്ലാവരും ആ മാറ്റത്തെ അംഗീകരിച്ചു. എന്നാലിതിൽ മാറ്റം വന്നേക്കാമെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയ അനലിസ്റ്റ് മാറ്റ് നവാരയുടെ ട്വീറ്റ് അനുസരിച്ച്, ഫെയ്‌സ്ബുക്ക് ആപ്പിൽ തന്നെ മെസഞ്ചർ ഇൻബോക്‌സ് കാണാനും ചാറ്റ് ചെയ്യാനുമെല്ലാം  അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് മെറ്റ. എന്നാലിത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം പരമാവധി റീൽ ദൈർഘ്യം 90 സെക്കൻഡായി വർദ്ധിപ്പിച്ച് സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിച്ചിരുന്നു. നിലവിൽ ഫെയ്‌സ്ബുക്ക് ആപ്പിലെ മെസഞ്ചർ ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള മെസഞ്ചർ ആപ്പ് തുറന്നുവരികയാണ് ചെയ്യുക. മെസഞ്ചർ ഫെയ്‌സ്ബുക്ക് ആപ്പിലേക്ക് തിരികെ എത്തുന്ന അപേഡ്റ്റ് എത്തിക്കഴിഞ്ഞാൽ ഫോണിൽ പ്രത്യേകം മെസഞ്ചർ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടിവരില്ല എന്നതാണ് ഗുണം.