കയ്യിലും കാലിലും മുറിവ്, ഇറ്റാലിയൻ വനിതകൾ വര്‍ക്കല സ്റ്റേഷനിൽ, ആവശ്യം അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കണമെന്നത്

തിരുവനന്തപുരം: അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് നിയമംവഴി തടയണമെന്നാവശ്യപ്പെട്ട് വിദേശ വനിതകള്‍ പൊലീസ് സ്റ്റേഷനില്‍. ഇറ്റലിക്കാരായ രണ്ടു വനിതകളാണ് ദുരനുഭവം വിവരിച്ച് തിരുവനന്തപുരം വര്‍ക്കല പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.  റെഗീന, മേരി. രണ്ടുപേരും വിനോദ സഞ്ചാരികളാണ്. കയ്യിലെയും കാലിലെയും പരിക്കുമായാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. വര്‍ക്കല തീരദേശപാതയിലൂടെ നടന്നുപോകുമ്പോള്‍ അമിതവേഗതയിലെത്തിയ കാറാണ് അപകടം ഉണ്ടാക്കിയത്. കാറിന്‍റെ കണ്ണാടിച്ചില്ല് കൊണ്ടാണ് റെഗീനയുടെ കൈ മുറിഞ്ഞത്. അരികിലേക്ക് വീണാണ് സുഹൃത്തായ മേരിക്ക് പരിക്കേറ്റത്. കാര്‍ നിര്‍ത്താതെ പോയി. നമ്പര്‍പോലും കാണാന്‍ പറ്റിയില്ലെന്ന് ഇവര്‍ പറയുന്നു.  അപകടശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ ഇരുവരും അവിടെ നിന്നാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. അശ്രദ്ധയോടെയുള്ള ഇത്തരം ഡ്രൈവിങ് കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് പൊലീസിനോടുള്ള അപേക്ഷ. ഈമാസം 30ന് ഇറ്റലിയിലേക്ക് മടങ്ങിപ്പോകേണ്ടതിനാല്‍ കേസുമായി മുന്നോട്ടുപോകുന്നില്ല. പക്ഷേ റോഡ് സുരക്ഷ കര്‍ശനമാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.