മണൽ മാഫിയയ്‌ക്കെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച ഡാർലി അമ്മൂമ്മ അന്തരിച്ചു

തിരുവനന്തപുരം• മണൽ മാഫിയയെക്കെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച നെയ്യാറ്റിൻകര സ്വദേശി ഡാർലി അമ്മൂമ്മ(90) അന്തരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അണ്ടൂർക്കോണത്തെ കെയർ ഹോമിലായിരുന്നു അന്ത്യം. നെയ്യാറ്റിൻകര ഓലത്താനിയിലെ മണൽമാഫിയയ്ക്കെതിരെ അടുത്തകാലം വരെ പോരാടിയിരുന്നു. മക്കളില്ല. ഭർത്താവ് നേരത്തേ മരിച്ചു.

• നെയ്യാർ സംരക്ഷണത്തിന് ഒറ്റയാൾപോരാട്ടം

മണൽ മാഫിയ നെയ്യാറിനെ തുരന്ന് സ്വന്തം കിടപ്പാടം പൊലും ഭീക്ഷണിയിലായപ്പോഴാണ് ഡാർലി അമ്മൂമ്മ പോരാട്ടവഴിയിലിറങ്ങിയത്. വീടിനുചുറ്റുമുള്ള മണ്ണ് തുരന്നെടുത്തതോടെ വീട് ചെറു‌ദ്വീപിനു സമാനമായി മാറി. ഒറ്റപ്പെട്ട ശബ്ദത്തിനൊപ്പം പിന്നീടു നാട്ടുകാരും ഒപ്പം നിന്നു. മണൽ മാഫിയയ്ക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാർളി അമ്മൂമ്മ ചെറുത്തുനിൽപ്പുകളുടെ പ്രതീകമായി സംസ്ഥാനതലത്തിൽ ശ്രദ്ധനേടിയിരുന്നു.

ഓലത്താനിയിൽ നെയ്യാറിന്റെ കരകൾ ഇടിച്ചു മണൽവാരൽ നടന്നപ്പോഴാണ് ഡാർലി അമ്മൂമ്മ ഒറ്റയ്ക്കു സമരം ആരംഭിച്ചത്. നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽനിന്ന് ക്ലാസ് ഫോർ ജീവനക്കാരിയായി വിരമിച്ചയാളാണ് അവർ. കുടുംബ വിഹിതമായി കിട്ടിയ വീടും ചുറ്റുമുള്ള 15 സെന്റ് സ്ഥലവും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് അവർ പോരാട്ടം തുടങ്ങിയത്.